ചെർപ്പുളശ്ശേരി: കുലുക്കല്ലൂരിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ വൃദ്ധയുടെ മൃതദേഹം വീടിന് ഒന്നര കിലോമീറ്റർ മാറിയുള്ള കുറ്റിക്കാട്ടിൽ അഴുകിയ നിലയിൽ കണ്ടെത്തി. പുറമത്ര പടപ്പറമ്പിൽ വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ മീനാക്ഷിയാണ് (79) മരിച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബർ 15നാണ് ഇവരെ വീട്ടിൽ നിന്നും കാണാതായത്.
വീട്ടിൽ ആരുമില്ലാത്തസമയത്ത് ഉച്ചയ്ക്കുശേഷമാണ് മീനാക്ഷിയെ കാണാതാവുന്നത്. നല്ല ഇടിയും മഴയും ഉണ്ടായിരുന്നു. മകൻ സുരേഷ് കുമാറിനും ഭാര്യക്കുമൊപ്പമായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. എന്നാൽ കാണാതാവുമ്പോൾ ഇവർ വീട്ടിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ 20 ദിവസത്തോളമായി വീട്ടുകാരും നാട്ടുകാരും ഇവർക്കു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ മൃതദേഹം കിട്ടിയത്. പട്ടാമ്പിയിൽ നിന്നുള്ള ട്രോമ കെയർ പ്രവർത്തകരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് പുറകുവശത്തു നിന്നും ഒന്നര കിലോമീറ്റർ മാറിയുള്ള കുറ്റിക്കാട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ്രായമായ അവശതകളുള്ള ഇവർ ഒറ്റക്ക് ഇവിടെ എത്തിപ്പെടാൻ സാധ്യതയില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും പറയുന്നത്. കാടിനോട് ചേർന്ന് പഞ്ചായത്തിന്റെ പൊതുശ്മശാനമുണ്ട്. ആൾ താമസമില്ലാത്ത സ്ഥലമാണിത്. ഇവർ ധരിച്ചിരുന്ന ചെരുപ്പും സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
കാടിനു സമാനമായ സ്ഥലത്ത് ഇവർ എങ്ങിനെ എത്തി എന്നതാണ് സംശയം.
തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിൽ ഉടലിൽ നിന്നും തലവേർപ്പെട്ട നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ബന്ധുക്കൾ എത്തിയാണ് ആളെ തിരിച്ചറിഞ്ഞത്. ഷൊർണ്ണൂർ ഡിവൈ.എസ്.പി. എം.പി.മുരളീധരൻ, ചെർപ്പുളശ്ശേരി എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി.
ഷൊർണൂരിൽ നിന്നെത്തിയ പൊലീസ് നായ മൃതദേഹം കിടന്നിരുന്ന സ്ഥലത്തു നിന്നും മണം പിടിച്ച ശേഷം തൊട്ടടുത്ത ശ്മശാന കെട്ടിടത്തിലും തുടർന്ന് ഓടി മീനാക്ഷിയുടെ വീട്ടിലും എത്തി നിന്നു. ഫോറൻസിക് വിദഗ്ദർക്ക് എത്താൻ കഴിയാത്തതിനാൽ മൃതദേഹപരിശോധന ഉൾപ്പടെയുള്ള കാര്യങ്ങൾ ഇന്ന് നടത്തുമെന്ന് പോലീസ് അറിയിച്ചു. സ്ഥലത്ത് പൊലീസ് സുരക്ഷയും ഏർപ്പെടുത്തി.
വിവരമറിഞ്ഞ് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ, മുൻ എം.എൽ.എ. സി.പി.മുഹമ്മദ്, കുലുക്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുൾ കരീം എന്നിവർ സ്ഥലത്തെത്തി.
ഫോട്ടോ: മീനാക്ഷി, മൃതദേഹം കണ്ടെത്തിയ സ്ഥലം