ചെർപ്പുളശ്ശേരി: കുലുക്കല്ലൂർ പുറമത്രയിൽ നിന്നും കാണാതായി മരിച്ച നിലയിൽ കണ്ടെത്തിയ 79 കാരി മീനാക്ഷിയമ്മയുടെ മൃതദേഹം തിങ്കളാഴ്ച ഫോറൻസിക് വിദഗ്ദർ പരിശോധിച്ചു. ഞായറാഴ്ച രാവിലെയാണ് ഇവരുടെ വീടിന് ഒന്നരക്കിലോമീറ്റർ മാറി കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്.
അഴുകിയ നിലയിൽ തിരിച്ചറിയാൻ കഴിയാത്ത വിധമായിരുന്നു മൃതദേഹം
കിടന്നിരുന്നത്. ഞായറാഴ്ച ഫോറൻസിക് വിദഗ്ദർക്ക് എത്താൻ കഴിയാത്തതിനെ തുടർന്നാണ് നടപടികൾ തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. മീനാക്ഷിയമ്മയുടെ ഒരു കമ്മൽ
ഫോറൻസിക് പരിശോധനയിൽ മൃതദേഹത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി പൊലീസ് സർജ്ജനും എത്തിയെങ്കിലും കൃത്യമായ വിവരങ്ങൾ കിട്ടേണ്ടതിനാൽ മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഷൊർണൂർ ഡിവൈ.എസ്.പി എം.പി.മുരളീധരൻ, എസ്.ഐ.മാരായ തോംസൻ ആന്റണി, റോയ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
പ്രായമായ മീനാക്ഷിയമ്മ ഒറ്റയ്ക്ക് വിജനമായ കുറ്റിക്കാട്ടിൽ എത്താൻ സാദ്ധ്യതയില്ലെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്ന ശേഷമേ എന്തെങ്കിലും പറയാനാവൂ എന്ന് പൊലീസ് പറഞ്ഞു. മരണത്തിൽ അസ്വാഭാവികതയുള്ളതിനാൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബർ 15 നാണ് മീനാക്ഷിയമ്മയെ വീട്ടിൽ നിന്നും കാണാതായത്.