പാലക്കാട്: നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, എലപ്പുള്ളി പഞ്ചായത്തുകൾക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടം കുന്നങ്കാട്ടുപതിയിൽ പൂർത്തിയായി. വാട്ടർ അതോറിട്ടിയുടെ കീഴിൽ പാലക്കാട് വാട്ടർ സപ്ലൈ പ്രൊജക്ട് ഡിവിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ചിറ്റൂർ പുഴ കുന്നംകാട്ടുപതി റെഗുലേറ്റർ ജലസ്രോതസാക്കിയാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഏകദേശം 1,65,724 പേർക്ക് 70 ലിറ്റർ ശുദ്ധജലം ലഭ്യമാകുന്ന രീതിയിൽ നാല് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. 11.66 കോടി ചെലവഴിച്ചാണ് ഒന്നാംഘട്ട പ്രവർത്തികൾ പൂർത്തീകരിച്ചത്.

സ്റ്റേറ്റ് പ്ലാനിൽ ഉൾപ്പെടുത്തിയാണ് പാക്കേജിന് അനുമതി ലഭിച്ചത്. കിണറിന്റെ നവീകരണം, റോ വാട്ടർ പമ്പിംഗ് മെയിൻ, ജലശുദ്ധീകരണശാല, അനുബന്ധ പമ്പ് സെറ്റുകൾ എന്നിവയാണ് ഒന്നാംഘട്ടത്തിന്റെ ഭാഗമായി പൂർത്തിയാക്കിയിരിക്കുന്നത്.

രണ്ടാംഘട്ട പ്രവർത്തിയുടെ ഭാഗമായ നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി പഞ്ചായത്തുകളിൽ ഉന്നതതല ജലസംഭരണികൾ, അവയിലേക്കുള്ള പമ്പിംഗ് മെയിനുകൾ എന്നിവയുടെ കരാർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനായി 25.97 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. എലപ്പുള്ളി പഞ്ചായത്തിൽ വിതരണ ശൃംഖലയുടെ പ്രധാന പൈപ്പുകൾ സ്ഥാപിക്കുന്നതിനും 12 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

മീനാക്ഷിപുരത്ത് ആറു ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജലസംഭരണി, പമ്പിംഗ് മെയിൻ, പമ്പ് സെറ്റുകൾ എന്നിവയുൾപ്പെടുന്ന മൂന്നാം ഘട്ടത്തിന് 98.50 കോടിയുടെ എൻജിനീയറിംഗ് റിപ്പോർട്ട് കിഫ്ബിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. നാലാം ഘട്ടത്തിന്റെ ഭാഗമായുള്ള എലപ്പുള്ളി പഞ്ചായത്തിലെ ഉന്നതതല ജലസംഭരണി വിതരണശൃംഖല എന്നിവയുൾപ്പെട്ട 10.8 കോടിയുടെ വിശദമായ എൻജിനീയറിങ് റിപ്പോർട്ടും കിഫ്ബി അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.

സമഗ്ര കുടിവെള്ളപദ്ധതി പൂർത്തിയാകുന്നതോടെ ജില്ലയിലെ പ്രധാന വരൾച്ച പ്രദേശമായ ചിറ്റൂരിൽ കുടിവെള്ള പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വാട്ടർ അതോറിട്ടി.

ഫോട്ടോ (1,2): സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായി കുന്നങ്കാട്ടുപതിയിൽ പൂർത്തിയാക്കിയ ജലശുദ്ധീകരണശാല