പാലക്കാട്: വാളയാർ കേസിൽ പ്രോസിക്യൂഷന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ് പ്രതികൾ രക്ഷപ്പെടാൻ കാരണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പാലക്കാട്ട് കോട്ടമൈതാനത്ത് നടത്തിയ മാനിഷാദ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതികളെ സംരക്ഷിക്കാൻ ഉന്നതതലത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ഡിവൈ.എസ്.പി അന്വേഷിക്കേണ്ട കേസ് തുടക്കത്തിൽ തന്നെ എസ്.ഐയെ കൊണ്ട് അന്വേഷിച്ചു. ജില്ലാ ശിശുക്ഷേമ സമിതി ചെയർമാനായി യോഗ്യതയില്ലാത്തയാളെ നിയമിച്ചു. ഇത് കള്ളന്റെ കൈയിൽ താക്കോൽ കൊടുക്കുന്ന പോലെയായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലെയും ചൈൽഡ് വെൽഫെയർ കമ്മിറ്റികളെ കുറിച്ച് അന്വേഷണം നടത്തണം. ഈ കേസിൽ സാമൂഹ്യക്ഷേമ, ആഭ്യന്തര, പട്ടിജാതി - പട്ടികവർഗ, നിയമ വകുപ്പുകൾ അറിഞ്ഞാണ് അട്ടിമറി നടന്നിട്ടുള്ളത്. ഇതിന് മുഖ്യമന്ത്രി മറുപടി പറയണം. കേസുകളിൽ പ്രതിയാകുന്ന സി.പി.എം പ്രവർത്തകരെ മോചിപ്പിക്കുകയെന്നതാണ് ഇപ്പോഴത്തെ സർക്കാരിന്റെ ഏറ്റവും പ്രധാന ജോലിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നടക്കുന്ന മാവോയിസ്റ്റ് വേട്ടയിൽ സി.പി.എം നിലപാട് വ്യക്തമാക്കണം. യു.എ.പി.എ ചുമത്തുകയാണെങ്കിൽ ഭരണപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായി സി.പി.ഐക്കാർക്കെതിരെയാണ് ആദ്യം വേണ്ടത്. അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ വാളയാർ സംഭവത്തിന്റെ ശ്രദ്ധ തിരിക്കുവാൻ വേണ്ടിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അനിൽകുമാർ, സജീവ് ജോസഫ്, സെക്രട്ടറിമാരായ ജെയ്‌സൺ ജോസഫ്, അബ്ദുൾ മുത്തലീഫ്, രമ്യ ഹരിദാസ് എം.പി, എം.എൽ.എമാരായ പി.ടി.തോമസ്, ഷാഫി പറമ്പിൽ, വി.ടി.ബൽറാം, ലാലി വിൻസന്റ്, മൺവിള രാധാകൃഷ്ണൻ, ജോൺസൺ എബ്രഹാം, ലതികാ സുഭാഷ്, അബ്ദുൾ മജീദ്, സി ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.