പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് പീഡനത്തിനിരയായി സഹോദരിമാർ മരിച്ച കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലയിൽ ആഹ്വാനം ചെയ്ത 12 മണിക്കൂർ ഹർത്താൽ പൂർണം. നഗരത്തിലും ഗ്രാമീണ മേഖലകളിലും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്തിയില്ല. ഇരുചക്രവാഹനങ്ങളും വളരെ കുറച്ച് സ്വകാര്യവാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങിയത്.

ബസുകൾ സർവീസ് നടത്താത്തതിനാൽ സ്കൂളുകളിലും മറ്റ് സർക്കാർ ഓഫീസുകളിലും ഹാജർനില കുറവായിരുന്നു. മലയോര മേഖലയിൽ ഉൾപ്പെടെ ജില്ലയിലെ ഉൾനാടൻ പ്രദേശത്തെ രോഗികൾ ഗതാഗത സൗകര്യമില്ലാതെ വലഞ്ഞു. ജില്ലാ ആശുപത്രിയിലെ ഒ.പിയിലും ഇന്നലെ രോഗികളുടെ എണ്ണം കുറവായിരുന്നു. ഹർത്താൽ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും ദീർഘദൂര തീവണ്ടികളിൽ വന്നിറങ്ങിയവർ വാഹനങ്ങളില്ലാതെ നന്നേ ബുദ്ധിമുട്ടി. ഇവരെ സഹായിക്കാൻ പൊലീസ് സമാന്തര സർവീസുകൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ഉൾനാടൻ പ്രദേശത്തേക്ക് പോകേണ്ടവർ പെരുവഴിയിലായി. ചുരുക്കം ചില ഓട്ടോറിക്ഷകൾ മാത്രമാണ് നഗരത്തിൽ സർവീസ് നടത്തിയത്.

ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ രാവിലെ തന്നെ ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി. പക്ഷേ, നഗരത്തിൽ ജില്ലാ കമ്മിറ്റി പ്രകടനമൊന്നും സംഘടിപ്പിച്ചിരുന്നില്ല. പൊതുവേ സമാധാനപൂർണമായിരുന്നു ഹർത്താൽ. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഒരിടത്തും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്‌ഞു. ഹർത്താലിൽ വാഹനങ്ങൾ തടയില്ലെന്നും നിർബന്ധമായും കടകൾ അടപ്പിക്കില്ലെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വാളയാർ വിഷയത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആളിപ്പടരുന്ന സാഹചര്യത്തിൽ ഇന്ന് ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി കെ.സുരേന്ദ്രൻ നയിക്കുന്ന നീതിരക്ഷാ മാർച്ചിന് അട്ടപ്പള്ളത്തുനിന്ന് തുടക്കമാകും. നാളെ കെ.എസ്.യുവിന്റെ നേൃത്വത്തിൽ കളക്ടറേറ്റിലേക്ക് ലോംഗ് മാർച്ചും നടക്കും.