ക്ഷേത്ര ദണ്ഡാരം കുത്തിത്തുറന്ന നിലയിൽ
ചെർപ്പുളശ്ശേരി: മാങ്ങോട് ഭഗവതിക്ഷേത്രത്തിലെ രണ്ട് ദണ്ഡാരങ്ങൾ കുത്തിതുറന്ന് കവർച്ച. ക്ഷേത്രത്തിലെ കിഴക്ക്, തെക്ക് കമാനത്തോട് ചേർന്നുള്ള ഭണ്ഡാരങ്ങളാണ് തിങ്കളാഴ്ച രാവിലെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. രാവിലെ ക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തരാണ് ഭണ്ഡാരം കുത്തിത്തുറന്ന വിവരം ക്ഷേത്രം ജീവനക്കാരെ അറിയിച്ചത്.
കഴിഞ്ഞയാഴ്ച ദേവസ്വം ഭണ്ഡാരം തുറന്നതിനാൽ ഭീമമായ സംഖ്യയൊന്നും നഷ്ടപ്പെടാൻ സാധ്യതയില്ലെന്ന് ക്ഷേത്രം മാനേജർ അഖിലേഷ് അരവിന്ദ് പറഞ്ഞു. ക്ഷേത്രം അധികൃതരുടെ പരാതിയിൽ ചെർപ്പുളശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധനടത്തി.
ക്ഷേത്രത്തിന് സമീപം വെള്ളിനേഴി റോഡിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങളിലും മോഷണവും മോഷണശ്രമവും നടന്നിട്ടുണ്ട്. ലോട്ടറി, ഇലക്ട്രിക് കടകളുടെ പൂട്ട് പൊളിച്ചിട്ടുണ്ടെങ്കിലും അകത്ത് കയറിയിട്ടില്ല. സമീപത്തെ പലചരക്ക് കടയിൽ നിന്നും കുടിവെള്ള ബോട്ടിലുകളും അയ്യായിരം രൂപയും നഷ്ടമായതായി ഉടമ പറഞ്ഞു. ഇവിടെയുള്ള ഹോട്ടലിൽ മോഷ്ടാക്കൾ ഭക്ഷണം പാകം ചെയ്തതിന്റെയും മദ്യപിച്ചതിന്റെയും തെളിവുകളും ലഭിച്ചിട്ടുണ്ട്. ജംഗ്ഷനിലെ ഓട്ടോ തൊഴിലാളി രാവിലെ സ്റ്റാന്റിൽ എത്തിയപ്പോഴാണ് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടന്നവിവരം അറിയുന്നത്. മൂന്നുകടകളുടേയും ഷട്ടറുകൾ പകുതി തുറന്ന നിലയിയിലായിരുന്നെന്ന് ഇയാൾ പറഞ്ഞു. പൊലീസ്‌കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഫോട്ടോ:ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ