വടക്കഞ്ചേരി: ഒരിടവേളക്ക് ശേഷം കിഴക്കഞ്ചേരി കണച്ചിപ്പരുതയിൽ വീണ്ടും കാട്ടാനയിറങ്ങി. കഴിഞ്ഞദിവസം രാത്രി കന്നിമേരി എസ്റ്റേറ്റിലിറങ്ങിയ കാട്ടാനക്കൂട്ടം കണച്ചിപ്പരുത രജനീഷിന്റെ ആയിരത്തി അഞ്ഞൂറിലധികം വാഴകളാണ് നശിപ്പിച്ചത്. എല്ലാം കുലച്ച വാഴകളായിരുന്നു. രാവിലെ ടാപ്പിംഗിന് പോയ തൊഴിലാളികളാണ് വാഴത്തോട്ടത്തിൽ കാട്ടാനകളെ കണ്ടത്. തുർന്ന് പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയുമാണ് കാട്ടാനകളെ തുരത്തിയത്. പാലക്കുഴി, കണച്ചിപ്പരുത എന്നിവിടങ്ങളിലെ കാട്ടാനശല്യം പരിഹരിക്കാൻ എം.എൽ.എ ഇടപെട്ട് വനം വാച്ചർമാരെ നിയമിച്ചിരുന്നു. പീച്ചി വനംവകുപ്പിൽ നിന്നും ഒരു വാച്ചറും, നെന്മാറ ഡിവിഷനിൽ നിന്നും രണ്ടും വാച്ചറും ഇവിടെ നിയമിക്കുകയും എലിഫന്റ് റിപ്പല്ലന്റ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതോടെ വന്യജീവി ആക്രമണങ്ങളിൽ നിന്ന് അല്പം മോചനം കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്നു കർഷകർ. എന്നാൽ, ഫണ്ടിന്റെ അഭാവം മൂലം ഒളകര ഡിവിഷനിലെ വാച്ചറെ പിൻവലിച്ചതോടെ കാര്യങ്ങൾ വീമ്ടും പഴയപടിയായി. നെന്മാറ ഡിവിഷനു കീഴിലെ വാച്ചർമാർക്ക് രാത്രി വാസത്തിന് സൗകര്യമില്ലാത്തതും മഴയും രാത്രി ജോലിക്ക് തടസമാണ്. ഇതോടൊപ്പം എലഫന്റ് റിപ്പലന്റ് യന്ത്രത്തിലെ സോഫ്റ്റ് വെയർ മാറ്റാനായി കമ്പനി തന്നെ യന്ത്രം കൊണ്ടുപോയതും കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടത്തിലേക്ക് ഇറങ്ങാനും കാരണമായി.

രജനീഷിന്റെ തോട്ടത്തിൽ മുമ്പും കാട്ടാനയിറങ്ങി വാഴകൾ നശിപ്പിച്ചിരുന്നു. എന്നാൽ ഇതുവരെ നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ല. ഇറക്കിയ കൃഷിയിൽ നഷ്ടം വന്നിട്ടും ബാക്കിയുള്ളത് വിളവെടുക്കാം എന്ന പ്രതീക്ഷയിലായിരുന്നു രജനീഷ്. എന്നാൽ വീണ്ടും വാഴകൾ നശിപ്പിച്ചതോടെ ആശങ്കയിലാണ് ഈ കർഷകൻ.