പാലക്കാട്: പ്രളയ ദുരിതബാധിതർക്കുള്ള സഹകരണ വകുപ്പിന്റെ സേവന പദ്ധതിയായ കെയർ ഗ്രേസിന് ജില്ലയിൽ തുടക്കം. സഹകരണ വകുപ്പ് നടപ്പാക്കിയ കെയർ ഹോം പദ്ധതി പ്രകാരം നിർമ്മിച്ച് നൽകിയ 206 വീടുകളിലെ ദുരിതബാധിതരായ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം, പൊതു സേവനം, കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കുക, പ്രളയം മാനസികമായി തളർത്തിയവർക്ക് കൗൺസലിംഗ് നൽകുക തുടങ്ങിയവയാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.
കെയർ ഹോം, കെയർ ലോൺ പദ്ധതികൾ, സഹകരണ സംഘങ്ങൾ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച് കെയർ ഗ്രേസ് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സോഷ്യൽ ഓഡിറ്റ് തയ്യാറാക്കും. ഇതിനായി സംസ്ഥാന തലത്തിൽ പരിശീലനം നേടിയ ഫിഷറീസ് വകുപ്പിന് കീഴിലുള്ള വനിത സംരംഭമായ 'സാഫ്' (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ) വോളന്റിയർമാരുടെ സേവനം ലഭ്യമാക്കും. സഹകരണ ആശുപത്രികളുടെ സഹകരണത്തോടെ താലൂക്ക് തലത്തിൽ കെയർ ഹോമിലെ താമസക്കാർക്കായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഹെൽത്ത് കാർഡ് നൽകും. ആവശ്യമായ മെഡിക്കൽ വിവരങ്ങൾ ഈ കാർഡിൽ ഉണ്ടാവും. കെയർ ഗ്രേസ് പദ്ധതി പ്രകാരം കെയർ ഹോം പദ്ധതിയിലെ വീടുകൾക്കെല്ലാം ഫസ്റ്റ് എയ്ഡ് കിറ്റുകളും സംസ്ഥാന തലത്തിൽ തയ്യാറാക്കുന്ന ഡിസാസ്റ്റർ പ്രീപ്പെയേർഡ് ഗൈഡുകളും നൽകും. ഡിസംബർ 15 നകം കെയർ ഗ്രേസ് പദ്ധതി ജില്ലയിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജില്ലാ സഹകരണ ബാങ്ക് കോൺഫറൻസ് ഹാളിൽ നടന്ന കെയർ ഗ്രേസ് ജില്ലാതല യോഗം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ (ജനറൽ) അനിത.ടി.ബാലൻ ഉദ്ഘാടനം ചെയ്തു. സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ കെ.ഉദയഭാനു, ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ ജിൽസ് മോൻ ജോസ്, പി.ഹരിപ്രസാദ്, പി.ഷൺമുഖൻ, എസ്.ജോസി, ആശാ കിരൺ, രാജു ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.