കല്ലടിക്കോട്: കല്ലടിക്കോടൻ മലയുടെ പാർശ്വഭാഗത്തുള്ള ദൃശ്യവിസ്മയമാണ് മീൻവല്ലം വെള്ളച്ചാട്ടവും ചെറുകിട വൈദ്യുത പദ്ധതിയും. എന്നാൽ, വെള്ളച്ചാട്ടത്തിലേക്ക് പോകുന്നു സഞ്ചാരികളും വൈദ്യുത പ്ലാന്റിലേക്ക് ജോലിക്കുപോകുന്നവരും നടന്നുവേണം പുഴകടക്കാൻ. കവുങ്ങ് കൊണ്ട് കെട്ടിയുണ്ടാക്കിയ താത്കാലിക പാലത്തിലൂടെയാണ് ഇവരുടെ യാത്ര. എത്രയുംവേഗം ഒരു പാലം പണിയണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
കോഴിക്കോട് - പാലക്കാട് ദേശീയപാത കല്ലടിക്കോട് തുപ്പനാട്ടിൽ നിന്ന് ഒൻപത് കിലോമീറ്റർ ദൂരമുണ്ട് മീൻവല്ലത്തിലേക്ക്, പ്രവേശനം ടിക്കറ്റ് മൂലമാണ്. കരിമ്പ പഞ്ചായത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ വെള്ളച്ചാട്ടത്തിന് പുറമെ ചെറുകിട വൈദ്യുതി ഉത്പാദന കേന്ദ്രവുമുണ്ട്. ജില്ല പഞ്ചായത്തിന്റെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. മൂന്ന് മെഗാവാട്ടിലുള്ള 2 ജനറേറ്ററുകൾ വഴി കല്ലടിക്കോട് 110 കെ.വി സബ്‌സ്റ്റേഷനുമായി ബന്ധിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
ഒഴിവുദിനങ്ങളിലും ഓണം പോലുള്ള ആഘോഷ ദിവസങ്ങളിലുമാണ് വെള്ളച്ചാട്ടം കാണാൻ ആളുകളുടെ തിരക്ക്.

സുരക്ഷിതമായി നടക്കാൻ പുഴയ്ക്ക് കുറുകെ പാലമില്ലാത്തത് സഞ്ചാരികളുടെ വരവ് കുറയാൻ കാരണമാകുന്നുണ്ട്. പാലമില്ലാത്തത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഇപ്പോൾ മീൻവല്ലത്തുള്ള അമ്യൂസ്‌മെന്റ് പാർക്കിൽ നിറയെ ആളുകൾ എത്താറുണ്ട്. ഇവരെ വെള്ളച്ചാട്ടത്തിലേക്കും വൈദ്യുത പ്ലാന്റിലേക്കും ആകർഷിക്കാനായാൽ വലിയ നേട്ടമാകും. അതിന് പാലം എന്ന സ്വപ്നം യാഥാർത്യമാക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.