കൊല്ലങ്കോട്: നഗരത്തിലെ പുലിക്കോട്ട് അയ്യപ്പൻ ക്ഷേത്രത്തിന് സമീപം ഓടകളിൽ നിന്ന് മലിനജലം റോഡിലേക്ക് ഒഴുകുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. ഇവിടെ കാത്തിരിപ്പുകേന്ദ്രം ഇല്ലാത്തതിനാൽ ഓടകളുടെ മുകളിലെ സ്ലാബുകളിലും കടകളുടെ മുന്നിലുമാണ് യാത്രക്കാർ ബസ് കാത്തുനിൽക്കുന്നത്.

മാലിന്യം കുമിഞ്ഞുകൂടി അടഞ്ഞതോടെ രണ്ടു ദിവസമായി ഓടകളിൽ നിന്ന് പാതയിലേക്കാണ് മലിനജലം ഒഴുകുന്നത്. ഇതോടെ യാത്രക്കാർക്ക് ദുർഗന്ധം മൂലം ഇവിടെ നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. കാൽനട യാത്രക്കാർക്കും ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മൂക്ക് പൊത്തിയാണ് യാത്രക്കാർ ഇതുവഴി പോകുന്നത്. സമീപത്തുള്ള ലോഡ്ജ് മുറികളിലെയും ബേക്കറികളിലെയും മലിനജലമെല്ലാം ഓടകളിലേക്കാണ് ഒഴുക്കി വിടുന്നത്.

ദുർഗന്ധം കാരണം പ്രദേശവാസികൾ ബുദ്ധിമുട്ടുമ്പോഴും ബന്ധപ്പെട്ട അധികൃതർ ഓട ശുചീകരിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്നും ലോഡ്ജുകളിലെയും മറ്റുസ്ഥാപനങ്ങളിലെയും മലിനജലം ഓടകളിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.