ഒറ്റപ്പാലം: വനവത്കരണ പ്രവർത്തനങ്ങൾക്കൊപ്പം വന്യജീവികൾക്ക് ആഹാരമൊരുക്കി സേവന രംഗത്ത് മാതൃകയായി മാറുകയാണ് കല്ലൂർ ബാലൻ എന്ന പരിസ്ഥിതി സ്‌നേഹി. പ്രകൃതിയെ കൂടുതൽ ഹരിതാഭമാക്കുക എന്ന ലക്ഷ്യത്തോടെ 15 ലക്ഷത്തോളം വൃക്ഷ തൈകൾ നട്ടുവളർത്തിയ പരിസ്ഥിതി പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് കോങ്ങാട് സ്വദേശിയായ ഈ അറുപത്തെട്ടുകാരൻ.
വന്യജീവികൾക്ക് ആവശ്യമായ ആഹാരമൊരുക്കി നൽകി ഇദ്ദേഹം വേറിട്ട മാതൃകയാവുകയാണ്. നഗരങ്ങളിലെ പഴം, പച്ചക്കറി കടകളിൽ നിന്നും മറ്റും ശേഖരിക്കുന്ന പൈനാപ്പിൾ, ഓറഞ്ച്, ആപ്പിൾ, തണ്ണിമത്തൻ മുതലായവ പറളി മേഖലയിലെ അയ്യർമല വനമേഖലയിലെ താഴ്വരത്തിലെത്തിച്ച് വന്യജീവികൾക്ക് വിശപ്പകറ്റാൻ സൗകര്യമൊരുക്കുകയാണ് ഇദ്ദേഹം.
കാറ്ററിംഗ് സ്ഥാപനങ്ങളിൽ നിന്നും ബാക്കിവരുന്ന ഭക്ഷണവും വന്യജീവികൾക്ക് നൽകും. കുരങ്ങ്, പന്നി തുടങ്ങിയ നിരവധി വന്യജീവികൾ ഇത് സ്വീകരിച്ച് കാട്ടിലേക്ക് തന്നെ മടങ്ങുക പതിവാണ്. ആഹാരം തേടി നാട്ടിലെത്തി ജനജീവിതത്തിനും കാർഷിക മേഖലയ്ക്കും പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്ന വന്യജീവികൾക്ക് ആവശ്യമായ ഭക്ഷണങ്ങൾ കാടിന് സമീപത്തുതന്നെ കിട്ടിയതോടെ അവയുടെ നാട്ടിലിറങ്ങുന്ന പ്രവണത കുറഞ്ഞ് വരുന്നതായി ബാലൻ പറയുന്നു. ഭൂമിയിൽ ഒരുകോടി മരങ്ങൾ നട്ട് ഗിന്നസ് ബുക്കിൽ ഇടം കണ്ടെത്താനുള്ള ദൗത്യത്തിലാണ് കല്ലൂർ ബാലൻ. നിരവധി പുരസ്‌കാരങ്ങളും ഇൗ പ്രകൃതിസ്നേഹിയെ തേടിയെത്തിയിണ്ട്. ബാലന്റെ ഈ പ്രവർത്തനത്തിന് വനംവകുപ്പും സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളുമടക്കം നിരവധി പേരുടെ പിന്തുണയുണ്ട്.