പാലക്കാട്: ചെലവ് വർദ്ധിച്ചതിനനുസരിച്ച് ബസ് ചാർജ് വർദ്ധനവ് വേണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നവംബർ 22 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ചെയർമാൻ ടി.ഗോപിനാഥ്, ജനറൽ കൺവീനർ എം.ഗോകുൽദാസ് എന്നിവർ അറിയിച്ചു. സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷൻ കമ്മിറ്റിയാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. മിനിമം ചാർജ് പത്ത് രൂപയാക്കുക, ദൂരം രണ്ട് കിലോമീറ്ററായി നിശ്ചയിക്കുക, സർക്കാർ എയ്ഡഡ് വിദ്യാർത്ഥികളുടെ മിനിമം ചാർജ് അഞ്ച് രൂപയായും, യാത്രാനിരക്ക് 50 ശതമാനവും ആക്കുക, സ്വാശ്രയ കോളേജ്, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരുടെ യാത്രാസൗജന്യം നിർത്തലാക്കുക, സ്വകാര്യ ബസ് റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ ചെയിൻ സർവീസ് ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം.