maoist

പാലക്കാട്: അട്ടപ്പാടി മേലെ മഞ്ചക്കണ്ടിയിലെ ഏറ്റുമുട്ടലിൽ നിന്നും രക്ഷപ്പെട്ട ഒരു മാവോയിസ്റ്റിനെ തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക സേന പിടികൂടി. ഛത്തിസ്ഗഡ് സ്വദേശി ദീപക് എന്ന ചന്ദ്രുവാണ് ഇന്നലെ ആനക്കട്ടിക്ക് സമീപം മൂലഗംഗൽ വനമേഖലയിൽ നിന്നും തമിഴ്‌നാട് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ (എസ്.ടി.എഫ്) പിടിയിലായത്. എ.കെ. 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിയ്ക്കുന്നതിൽ പ്രാവീണ്യം നേടിയ ഇയാൾ ഭവാനി ദളത്തിലെ പ്രധാനിയാണ്.

കാലിന് പരിക്കേറ്റ നിലയിൽ ദീപകിനെ ഇന്നലെ വൈകിട്ടോടെ കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസിൽ നിന്ന് പുറത്തെത്തിച്ചപ്പോൾ ഇയാൾ മാവോയിസ്റ്റ് മുദ്രാവാക്യം മുഴക്കി. മേലേമഞ്ചക്കണ്ടി ഊരിന് സമീപം ഉൾവനത്തിൽ കഴിഞ്ഞമാസം 28, 29 തിയതികളിലുണ്ടായ ഏറ്റുമുട്ടലിനിടെ ദീപകും മറ്റൊരാളും ആയുധങ്ങളുമായി രക്ഷപ്പെട്ടുവെന്നാണ് പൊലീസ് ഭാഷ്യം. ഇതേതുടർന്ന് എസ്.ടി.എഫ് ആനക്കട്ടി മേഖലയിൽ തെരച്ചിൽ ശക്തമാക്കിയിരുന്നു. ഇന്നലെ മൂന്നുമാവോയിസ്റ്റുകളാണ് എസ്.ടി.എഫ് സംഘത്തിന് മുന്നിൽ അകപ്പെട്ടത്. കാലിന് പരുക്കേറ്റ ദീപക്കിനെ ഒഴിവാക്കി മറ്റുള്ളവർ രക്ഷപ്പെടുകയായിരുന്നു എന്നാണ് സൂചന. എന്നാൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ദീപകിന് പരുക്കേറ്റതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മറ്റു രണ്ടുപേരെ കുറിച്ചുള്ള വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല. ദീപകിനൊപ്പം ഒരു വനിതാ മാവോയിസ്റ്റുകൂടി ഇന്നലെ പിടിയിലായെന്ന് ആദ്യം പ്രചരിച്ചിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ എസ്.ടി.എഫ് തയ്യാറായില്ല.

അതേസമയം, കൈകുഞ്ഞുള്ള വനിതാ മാവോയിസ്റ്റിനെ അട്ടപ്പാടിയിൽ കണ്ടിരുന്നെന്ന് ആദിവാസികൾ പറയുന്നുണ്ട്.