katana
പാലക്കുഴിയിൽ ഫെൻസിംഗ് ചാർജ് ചെയ്യുന്നതിന്റെ ഉദ്ഘാടനം വാർഡ് അംഗം മഞ്ജു നിർവ്വഹിക്കുന്നു.

വടക്കഞ്ചേരി: കാട്ടാനശല്യം രൂക്ഷമായ പാലക്കുഴി വിലങ്ങൻപാറ, തെരേസമുക്ക് ഭാഗത്ത് പീച്ചി വനാതിർത്തിയിൽ സ്ഥാപിച്ച 800 മീറ്റർ ദൂരം വരുന്ന സോളാർ ഫെൻസിംഗ് ചാർജ് ചെയ്തു. വാർഡ് അംഗം മഞ്ജു ഉദ്ഘാടനം ചെയ്തു. താണിചുവട് ഭാഗത്തെ ഫെൻസിംഗ് പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ഇതുകൂടി പൂർത്തിയായാൽ ആനയിറങ്ങുന്നതിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തെ കർഷകരും നാട്ടുകാരും.

നിലവിൽ പാലക്കാട്, തൃശൂർ ജില്ലകളുടെ അതിർത്തി പ്രദേശമായ പോത്തുചാടി മുതൽ പനംകുറ്റി വരെയും, കണിച്ചിപരുത, ഒളകര, പുല്ലംപരുത വരെയും സോളാർ ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ട്. ഇനി താണിചുവട് ഭാഗത്തും അതിനു മുകളിൽ പി.സി.ആറിലും ഫെൻസിംഗ് സ്ഥാപിച്ചാൽ 15 കിലോമീറ്റർ വനാതിർത്തി പൂർണ്ണമായും സൗരോർജ വേലിയാൽ സംരക്ഷിതമാകും.

ആശ്രമത്തിന് മുകൾഭാഗമായ പി.സി.എമ്മിൽ രണ്ട് ദിവസം മുമ്പും ആനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു. താണിച്ചുവട് വഴിയാണ് ആന മുകളിലേക്ക് കയറുന്നത്. ഇവിടെ കുറച്ചു ഭാഗത്ത് ഫെൻസിംഗിന്റെ അറ്റകുറ്റപണി മുടങ്ങി കിടക്കുകയാണ്. പാലക്കുഴിയിൽ കിടങ്ങ് കുഴിച്ച ഭാഗത്തുകൂടി മണ്ണ് ഇടിച്ച് ആനകൾ തോട്ടങ്ങളിൽ എത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇവിടെയും ഫെൻസിംഗ് വേണമെന്ന ആവശ്യം ശക്തമാണ്. താണിചുവട് ഭാഗത്ത് ആറ് സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ ലൈറ്റുകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. കൂടാതെ 2700 മീറ്റർ കൂടി ഫെൻസിംഗിന് കരാർ നൽകിയിട്ടുണ്ട്. താണിച്ചുവട്ടിൽ വേലി സ്ഥാപിച്ച ശേഷം മുകൾഭാഗഞ്ഞെ ഒരു കിലോമീറ്ററിലെ മെയിന്റനൻസും കിടങ്ങുള്ള പി.സി.ആറിലും വേലി സ്ഥാപിക്കാനും പദ്ധതിയുണ്ടെന്ന് അധികൃതർ പറഞ്ഞു.