ചെർപ്പുളശേരി: കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഗതാഗത പരിഷ്കാരങ്ങളെല്ലാം താളം തെറ്റിയതോടെ നഗരത്തിൽ വാഹന-കാൽനട യാത്ര വീണ്ടും ദുരിത പൂർണമായി. രണ്ടുമാസം മുമ്പാണ് നഗരത്തിലെ തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായി നിരവധി നിയന്ത്രണങ്ങളും മാർഗ നിർദേശങ്ങളും പൊലീസ് കൊണ്ടുവന്നത്. എന്നാൽ ഇപ്പോൾ എല്ലാം പഴയ പടിയായി.
അനധികൃത പാർക്കിംഗ്, വഴിയോര കച്ചവടം എന്നിവക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തുകയും ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കുകയും ചെയ്തതോടെ തിരക്ക് ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിച്ചിരുന്നു. എന്നാൽ തുടക്കത്തിൽ കണ്ട ആവേശം ഉദ്യോഗസ്ഥർക്ക് പിന്നീടുണ്ടായില്ല. ഇതിനിടെ കനത്ത മഴയും റോഡുകളുടെ തകർച്ചയും ഗതാഗത പരിഷ്കരണത്തെ ബാധിച്ചു.
നഗരത്തിലെ റോഡുകൾ പല ഭാഗത്തും പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ്. ഇത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. സ്‌കൂൾ സമയങ്ങളിലും മറ്റും വാഹനങ്ങളുടെ നീണ്ടനിരയാണ് അനുഭവപ്പെടുന്നത്. റോഡുകൾ നേരെയാക്കാതെ ട്രാഫിക് പരിഷ്കരണം ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകുക പൊലീസിനെ സംബന്ധിച്ചും പ്രയാസമാണ്. ഹൈസ്‌കൂൾ റോഡ്, ഒറ്റപ്പാലം റോഡ്, ഗവ.ആശുപത്രി ജംഗ്ഷനുകളിലാണ് ഗതാഗത പ്രതിസന്ധി രൂക്ഷമായത്.