പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്റെ ഭാഗമായുള്ള ദേശീയ സംഗീതോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. എം.ഡി.രാമനാഥൻ നഗറിൽ വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ അധ്യക്ഷയാകും.
ആറു ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവത്തിൽ
പദ്മഭൂഷൺ ജേതാവ് സംഗീത കലാനിധി ടി.വി.ശങ്കരനാരായണൻ, ഗായത്രി വെങ്കട്ടരാഘവൻ, അക്കരൈ സഹോദരിമാരായ എസ്.സുബലക്ഷ്മി, എസ്.സ്വർണലത, അശ്വത് നാരായണൻ, ആര്യാദത്ത, പ്രിയദത്ത, കോട്ടക്കൽ രഞ്ജിത് വാര്യർ തുടങ്ങിയ സംഗീതജ്ഞരും സംഗീത വിദ്യാർത്ഥികളുമടക്കം നിരവധി പ്രമുഖർ പങ്കെടുത്തു.
സമാപനസമ്മേളനത്തിൽ പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ സി.കൃഷ്ണകുമാർ, മുണ്ടൂർ സേതുമാധവൻ, കുഴൽമന്ദം.ജി.രാമകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും. ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.കെ.ചന്ദ്രൻ, അകത്തേത്തറ പഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവൻ, വണ്ടാഴി പഞ്ചായത്ത് അംഗം സുമാവലി മോഹൻദാസ്, ചെമ്പൈ മെമ്മോറിയൽ ഗവ.സംഗീത കോളേജ് പ്രിൻസിപ്പൽ പ്രൊ. എസ്.ദിനേശ്, ചിറ്റൂർ ഗവകോളേജ് സംഗീത വിഭാഗം മേധാവി ഡോ. എം.എസ് ശ്രീലേഖ പണിക്കർ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ മഹേഷ് കുമാർ, കെ.വി.വാസുദേവൻ, പി.വിജയാംബിക, ഡി.ടി.പി.സി സെക്രട്ടറി കെ.ജി.അജേഷ് എന്നിവർ പങ്കെടുക്കും.
സംഗീതോത്സവത്തിൽ ഇന്ന്
കൽപ്പാത്തി സംഗീതോത്സവത്തിന്റെ സമാപന ദിനമായ ഇന്ന് വൈകീട്ട് ഏഴിന് വിഘ്‌നേഷ് ഈശ്വർ അവതരിപ്പിക്കുന്ന സംഗീതകച്ചേരി അരങ്ങേറും. വയലിൻ വിറ്റാൾ രംഗൻ, മൃദംഗം സംഗീത കലാനിധി ട്രിച്ചി ഡോ.ശങ്കരൻ, ഗഞ്ചിറ കെ.വിഗോപാലകൃഷ്ണൻ ഉൾപ്പെടുന്ന പക്കമേളക്കാരും അണിനിരക്കും.