പാലക്കാട്: ദീർഘദൂര ഇനങ്ങളിലെ പറളിയുടെ കുത്തകയ്ക്ക് ഇളക്കംതട്ടുന്ന കാഴ്ചയ്ക്കാണ് ജില്ലാ കായികമേളയുടെ രണ്ടാംദിനം സാക്ഷിയായത്. സീനിയർ - ജൂനിയർ ആൺകുട്ടികളുടെ 5 കിലോ മീറ്റർ നടത്തത്തിലും സീനിയർ - ജൂനിയർ പെൺകുട്ടികളുടെ 3 കിലോ മീറ്റർ നടത്തത്തിലുമായി നടന്ന നാല് ഫൈനലുകളിൽ മൂന്നു സ്വർണമാണ് കല്ലടിയുടെ താരങ്ങൾ നടന്നെടുത്തത്. പെൺകുട്ടികളിൽ സീനിയർ വിഭാഗത്തിൽ കെ.അക്ഷയയും ജൂനിയർ വിഭാഗത്തിൽ എം.എസ്.ശീതളും ഒന്നാംസ്ഥാനം നേടി. ആൺകുട്ടികളുടെ ജൂനിയർ വിഭാഗത്തിൽ കല്ലടിയുടെ വി.ആർ.ജീവയും ഒന്നാമതെത്തി.
അക്ഷയ നടന്നാൽ സ്വർണവും പിന്നാലെയെത്തുന്നത് പതിവാണ്. പാലായിൽ നടന്ന സംസ്ഥാന മീറ്റിലും ഇന്റർ ക്ലബിലും സൗത്ത് സോണിലും 3000 മീറ്ററിൽ താരം സ്വർണമണിഞ്ഞിട്ടുണ്ട്. കൊല്ലങ്കോട് സ്വദേശിയായ അക്ഷയുടെ സഹോദരൻ അഭിജിത്തും കായികതാരമായിരുന്നു. ഇപ്പോൾ കരസേനയിലെ ഉദ്യോഗസ്ഥനാണ്.
ജൂനിയർ പെൺകുട്ടികളിൽ വിജയിയായ എം.എസ്.ശീതൾ കോഴിക്കോട് ബാലുശ്ശേരി സ്വദേശിനിയാണ്. ഇന്റർക്ലബിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ടെങ്കിലും ശീതൾ ജില്ലാ മീറ്റിൽ സ്വർണം നേടുന്നത് ഇത് ആദ്യമായാണ്. സ്വർണം നേടിയ മറ്റൊരു താരം വി.ആർ.ജീവ മലപ്പുറം സ്വദേശിയാണ്.