പാലക്കാട്: മീറ്റിലെ വേഗപ്പോരിൽ കല്ലടിക്ക് അടിതെറ്രിയപ്പോൾ നൂറ് മീറ്റർ ട്രാക്കിൽ പുതിയ താരങ്ങൾ പിറവിയെടുക്കുകയായിരുന്നു.
സബ് ജൂനിയർ - ജൂനിയർ - സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലായി നടന്ന ആറ് ഗ്ലാമർ ഫൈനലുകളിൽ മൂന്ന് സ്വർണമാണ് പാലക്കാട് ബി.ഇ.എം ഹയർസെക്കൻഡറി സ്കൂളിലെ താരങ്ങൾ മിന്നൽവേഗത്തിൽ സ്വന്തമാക്കിയത്.
ജൂനിയർ ആൺകുട്ടികളിൽ ആർ.കെ.വിശ്വജിത്ത്, സീനിയർ ആൺകുട്ടികളിൽ ആർ.കെ.സൂര്യജിത്ത്, സീനിയർ പെൺകുട്ടികളിൽ അയോഷ സുദേവൻ. എന്നിവരാണ് ബി.ഇ.എമ്മിനായി സ്വർണം നേടിയത്. മൂവരും പാലക്കാട് ഒളിംപിക് അത്‌ലറ്റിക് ക്ലബിലെ താരങ്ങളാണ്.
ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ കല്ലടിക്ക് ഒരു സ്വർണം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സബ് ജൂനിയർ ആൺകുട്ടികളിൽ മണിപ്പൂരി താരം ഷിങ്കായാണ് കല്ലടി എച്ച്.എസ്.എസിനായി സ്വർണം തൊട്ടത്.
ജൂനിയർ പെൺകുട്ടികളിൽ കെ.കെ.വിദ്യ ടി.ആർ.കെ.എച്ച്.എസ്.എസ് വാണിയംകുളം, സബ് ജൂനിയർ ഗേൾസ് ജി.താര കാണിക്കമാത എച്ച്.എസ്.എസ് പാലക്കാട് എന്നിവരാണ് മീറ്രിലെ വേഗരാജാക്കൻമാർ.
സൂര്യജിത്ത് 11.07 സെക്കന്റിലും അയോഷ 12.78 സെക്കന്റിലുമാണ് 100 മീറ്ററിന്റെ ഫിനിഷിംഗ് ലൈൻ തൊട്ടത്.