പാലക്കാട്: കോട്ടായി ചെറുകുളത്ത് കണ്ടെയ്നർ ലോറിയിൽ നിന്ന് ലോഡിറക്കവെ ഗ്രാനേറ്റ് പാളികൾക്കിടയിൽ കുടുങ്ങി രണ്ട് തൊഴിലാളികൾ തൽക്ഷണം മരിച്ചു. ചെറുകുളം, ചേലക്കാട് ശ്രീധരൻ (52), ചെറുകുളം പുളിക്കൽ വീട്ടിൽ പി.കെ. വിശ്വനാഥൻ (50) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടേമുക്കാലോടെയായിരുന്നു അപകടം.ചെറുകുളത്ത് പണി നടക്കുന്ന ബംഗ്ലാവിൽ ഇറ്റാലിയൻ ഗ്രാനേറ്റ് ഇറക്കുന്നതിനിടെയാണ് സംഭവം. 12 അടി നീളവും ആറടി വീതിയുമുള്ള പാളികൾ ലോറിയിൽനിന്ന് തള്ളി ഇറക്കാൻ ശ്രമിക്കുന്നതിനിടെ ഒരു വശത്തിരുന്ന ഗ്രാനേറ്റ് പാളികൾ തൊഴിലാളികളുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കണ്ടെയ്‌നറിൽ ഇരു വശങ്ങളിലായാണ് ഗ്രാനൈറ്റ് അടുക്കിയിരുന്നത്. ഇത് ഒരു വശത്തേക്ക് ചെരിയുന്നത് കണ്ടതോടെ കണ്ടെയിനറിലുണ്ടായിരുന്ന മറ്റുള്ളവർ ചാടി രക്ഷപ്പെട്ടു. നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് തൊഴിലാളികൾ ചേർന്ന് മാർബിളുകൾ ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അഗ്‌നി രക്ഷാ സേനയുടെ ന്യുമാറ്റിക് ബാഗുവച്ച് വായുനിറച്ച് അതുവഴി ഗ്രാനൈറ്റ് പാളികൾ അകറ്റിയാണ് കുരുങ്ങികിടന്നവരെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.സജിതയാണ് ശ്രീധരന്റെ ഭാര്യ. മക്കൾ: ശ്രീജിത്ത്, ശ്രുതി. ശ്രീജയാണ് വിശ്വനാഥന്റെ ഭാര്യ. മക്കൾ: വിജിത, വിജിത്ത്.