പാലക്കാട്: ജില്ലാ സ്കൂൾ കായിക മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും.

വൈകിട്ട് മൂന്നിന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സുരേഷ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

ആദ്യദിനത്തിലെ മുന്നേറ്റം രണ്ടാംദിനത്തിലും തുടർന്ന കല്ലടി എച്ച്.എസ് തന്നെയാണ് സ്കൂളുകളിൽ മുന്നിൽ. 23 സ്വർണവും 7 വെള്ളിയും 11 വെങ്കലവും ഉൾപ്പെടെ 147 പോയിന്റാണ് കല്ലടിയുടെ സമ്പാദ്യം. തൊട്ടുപുറകിലുള്ള പറളിക്ക് 68 പോയിന്റുണ്ട്. 6 സ്വർണം, 10 വെള്ളി, 8 വെങ്കലം ഉൾപ്പെടുന്നു. ബി.ഇ.എം എച്ച്.എസ്.എസാണ് മൂന്നാമത്. 55 പോയിന്റാണ് അവരുടെ അക്കൗണ്ടിലുള്ളത്. മുൻ വർഷങ്ങളിൽ മികച്ച നേട്ടം കൈവരിച്ച മുണ്ടൂർ ഹയർസെക്കൻഡറി സ്കൂൾ 34 പോയിന്റ് മാത്രം നേടി നാലാമതാണ്.

കല്ലടിയുടെ സ്വർണം വേട്ടയുടെ കരുത്തിൽ മണ്ണാർക്കാട് ഉപജില്ല കുതിപ്പ് തുടരുകയാണ്. രണ്ടു ദിവസങ്ങളിലായി 69 ഫൈനലുകൾ പൂർത്തിയായപ്പോൾ 210.5 പോയിന്റോടെ ബഹുദൂരം മുന്നിലാണ് മണ്ണാർക്കാട്. രണ്ടാമതുള്ള പറളിക്ക് 148 പോയിന്റാണുള്ളത്. പാലക്കാട് ഉപജില്ലയാണ് മൂന്നാമത്. 102 പോയിന്റാണ് അവരുടെ സമ്പാദ്യം.

അവസാന ദിവസമായ ഇന്ന് ആകെ 25 ഫൈനലുകളാണ് നടക്കാനുള്ളത്. 200 മീറ്റർ ഓട്ടം, 4x400 മീറ്റർ റിലേ എന്നീ സ്പിന്റിനങ്ങളിൽ മികവുകാട്ടി ചാമ്പ്യൻമാരാകാനാണ് കല്ലടിയുടെ ലക്ഷ്യം. ത്രോയിനങ്ങളിൽ കരുത്തുകാട്ടാനായാൽ പറളിക്ക് കല്ലടിയുമായുള്ള പോയിന്റ് വ്യത്യാസം കുറച്ച് അഭിമാനത്തോടെ തന്നെ മടങ്ങാം.