ശ്രീകൃഷ്ണപുരം: വികസനമെന്നാൽ നാട്ടിൽ സാധാരണക്കാരായവർക്ക് അതിന്റെ പ്രയോജനം ലഭിക്കുക എന്നതാണ്. ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനമികവും വികസനനേട്ടവും കേരളത്തിന് പൊൻതൂവലാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി പറഞ്ഞു.
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നാലാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പരിപാടിയിൽ ബ്ലോക്കിന്റെ വികസന പ്രവർത്തനങ്ങളെ മുഴുവനായും ഉൾക്കൊള്ളിച്ചുകൊണ്ട് കേരളകൗമുദി പുറത്തിറക്കിയ വികസന സപ്ലിമെന്റ് പ്രകാശനം കഥാകൃത്ത് ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടിക്ക് നൽകികൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് അംഗീകാരമായി മൂന്നുതവണ കേന്ദ്ര സർക്കാറിന്റെ ദീൻ ദയാൽ ഉപാധ്യയ പഞ്ചായത്ത് ശശാക്തികരൺ പുരസ്‌കാരവും, സംസ്ഥാന സർക്കാരിന്റെ മികച്ച ജന പ്രതിനിധിയായി ബ്ലോക്ക് പ്രസിഡന്റിനുള്ള പ്രതിഭ പുരസ്‌കാരം, ഐ.എസ്.ഒ അംഗീകാരം എന്നിങ്ങനെ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ കഴിഞ്ഞ കാല നേട്ടങ്ങൾ പങ്കു വെക്കുന്നതിനായാണ് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ സ്‌നേഹ സംഗമം സംഘടിപ്പിച്ചത്. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജ്യോതി വാസൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സുനിത ജോസഫ്, കെ. അീബുജാക്ഷി, അഡ്വ.മജീദ്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.വിനോദ് കുമാർ, ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ. എൻ. അബ്ബാസ്, ജിജി ജോൺ, എ.മുഹമ്മദാലി, പ്രേംകുമാർ, വിവിധഘടക സ്ഥാപനങ്ങളിലെ അംഗങ്ങൾ സംസാരിച്ചു.