പാലക്കാട്: രഹസ്യവിവരത്തെ തുടർന്ന് പാലക്കാട് എക്‌സൈസ് സ്‌ക്വാഡ് വാളയാർ നടത്തിയ പരിശോധനയിൽ രണ്ട് ഗ്രാം ക്രിസ്റ്റൽ മെത്തും, 200 ഗ്രാം ആഫ്രിക്കൻ ഹെമ്പുമായി യുവാവ് പിടിയിൽ. തൃശൂർ കുന്നംകുളം സ്വദേശി അഭിജിത്ത് (24) ആണ് പിടിയിലായത്. പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.പി.സുലേഷ് കുമാറിന് പഴനി നർക്കോട്ടിക് രഹസ്യ ഏജൻസി നൽകിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ജില്ലയിൽ ആദ്യമായാണ് ക്രിസ്റ്റൽ മെത്ത് പിടികൂടുന്നത്. ബെംഗളൂരുവിലെ പബ്ബിൽ വച്ച് പരിചയപ്പെട്ട നൈജീരിയൻ സ്വദേശി ഫ്രെഡി ഐസക് എന്നയാളിൽ നിന്നാണ് ലഹരിവസ്തുക്കൾ വാങ്ങിയതെന്നും എറണാകുളത്തെ റിസോർട്ടിൽ നടക്കുന്ന പുതുവർഷ പാർട്ടിക്ക് ക്രിസ്റ്റൽമെത്തിന്റെ ഓർഡറെടുക്കുന്നതിന് സാമ്പിൾ കാണിക്കാൻ കൊണ്ടുവന്നതാണെന്നും പ്രതിപറഞ്ഞു.
എറണാകുളത്തെ റെവ് പാർട്ടികൾക്ക് വേണ്ടിയാണ് ആഫ്രിക്കൻ ഹെമ്പ് കൊണ്ട് വന്നത്. എസ്സ്‌റാസ്യ എന്ന ക്രിസ്റ്റൽ മെത്ത് രണ്ട് ഗ്രാമിനു മുകളിൽ കൈവശം വെച്ചാൽ 10വർഷം വരെ ശിക്ഷ ലഭിക്കും. ക്രിസ്റ്റൽ മെത്തു തുടർച്ചയായി ഉപയോഗിച്ചാൽ പല്ലുകൾ പൊടിഞ്ഞു പോകുകയും വായയിൽ കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളും ഉണ്ടാവാനും സാധ്യതയുണ്ട്.
റെവ് പാർട്ടികൾ തടയാൻ ശക്തമായ പരിശോധന നടത്തുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ ബി. വേണുഗോപാലാ കുറുപ്പ് അറിയിച്ചു.പരിശോധനയിൽ സർക്കിൾ ഇൻസ്‌പെക്ടർ എം.രാകേഷ് , പ്രിവന്റീവ് ഓഫീസർമാരായ മേഘനാഥൻ, രാജേഷ് ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിനോജ്, ശ്രുതീഷ് , വിനേഷ്, പ്രവീൺ, അഖിൽ, ലിസി, പ്രദീപ് അയത്തിൽ എന്നിവർ പങ്കെടുത്തു.