പാലക്കാട്: എതിരാളികളെ ബഹുദൂരം പിന്നിലാക്കി മണ്ണാർക്കാടും കല്ലടിയും റവന്യൂ ജില്ലാ സ്കൂൾ കായികമേളയുടെ ചാമ്പ്യൻമാർ. മുട്ടിക്കുളങ്ങര കെ.എ.പി ബറ്റാലിയൻ മൈതാനത്തും പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിലുമായി നടന്ന മേളയിൽ 301.5 പോയിന്റോടെയാണ് മണ്ണാർക്കാട് ഉപജില്ല ചാമ്പ്യൻപട്ടമണിഞ്ഞത്. രണ്ടാമതുള്ള പറളി ഉപജില്ലയെക്കാൾ 116 പോയിന്റിന്റെ വ്യത്യാസം. 41 സ്വർണവും 12 വെള്ളിയും 21 വെങ്കലവും ഉൾപ്പെടുന്നതാണ് മണ്ണാർക്കാടിന്റെ നേട്ടം. രണ്ടാംസ്ഥാനക്കാരായ പറളിക്ക് 13 സ്വർണവും 28 വെള്ളിയും 15 വെങ്കലവുമടക്കം 185.5 പോയിന്റാണുള്ളത്. പറളിയെക്കാൾ സ്വർണം കൂടുതലുണ്ടെങ്കിലും പോയിന്റുകളുടെ അടിസ്ഥാനത്തിൽ പാലക്കാട് ഉപജില്ല മൂന്നാമതായി. 16 സ്വർണം, 13 വെള്ളി, 9 വെങ്കലവും ഉൾപ്പെടെ 127.5 പോയിന്റാണ് അവരുടെ അക്കൗണ്ടിലെത്തിയത്.

സ്കൂളുകളിൽ ഇത്തവണയും കല്ലടിയുടെ ആധിപത്യത്തിന് ഇളക്കം തട്ടിയില്ല. 32 സ്വർണം, 11 വെള്ളി, 17 വെങ്കലം ഉൾപ്പെടെ 209 പോയിന്റാണ് കല്ലടി എച്ച്.എസ്.എസ് നേടിയത്. ഉപജില്ലകളിൽ രണ്ടാമതെത്തിയ പറളിയെക്കാളും 24 പോയിന്റ് അധികം. മണ്ണാർക്കാട് ഉപജില്ല ആകെ നേടിയ 41സ്വർണത്തിലെ 32 ഉം കല്ലടിയുടെ സംഭാവനയാണ്. ഇതോടെ കേരളത്തിന്റെ കായികഭൂപടത്തിൽ കല്ലടിയുടെ സ്ഥാനം ഒന്നുകൂടെ അരക്കെട്ടുറപ്പിക്കാനായെന്ന് വിലയിരുത്താം.

സ്കൂളുകളിൽ പറളി എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. 7 സ്വർണം 13 വെള്ളി, 10 വെങ്കലം ഉൾപ്പെടെ 84 പോയിന്റ്. മൂന്നാമതുള്ള ബി.ഇ.എം എച്ച്.എസ്.എസിന് ആകെ 66 പോയിന്റുണ്ട്.

സമാപന ദിവസമായ ഇന്നലെ 25 ഫൈനലുകളാണ് നടന്നത്.

വൈകീട്ട് നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എ.ബിന്ദു സുരേഷ് ഉദ്ഘാടനം ചെയ്തു. കെ.എ.പി രണ്ടാം ബറ്റാലിയൻ കമാണ്ടന്റ് വി.വി ഹരിലാൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. ചടങ്ങിൽ ജില്ലാ

വിദ്യാഭ്യാസ ഉപഡയറക്ടർ പി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.സുബ്രഹ്മണ്യൻ, കെ.അജില, ജിജി ജോസഫ് എന്നിവർ സംസാരിച്ചു.