കടമ്പഴിപ്പുറം: കണ്ണുകുറുശ്ശീ വടക്കേക്കര ചീരപ്പത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ - തങ്കമണി ദമ്പതികളുടെ കൊലപാതകം ഇനി ക്രൈംബ്രാഞ്ച് പ്രത്യേകസംഘം അന്വേഷിക്കും.

2016 നവംബർ 15ന് അർദ്ധരാതിയിലാണ് വീട്ടിലെ കിടപ്പുമുറിയിൽ വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും തുമ്പുണ്ടാക്കനോ, പ്രതികളെ പിടികൂടാനോ കഴിഞ്ഞില്ല. സംഭവം നടന്ന വീട്ടിലെ കിണറ്റിൽ നിന്നും കൊലക്കുപയോഗിച്ച മാരകായുധങ്ങൾ ഉൾപ്പടെ തെളിവുകൾ ലഭിച്ചിട്ടും മൂന്നുവർഷമായി പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ ഉൾപ്പടെ 285 ഓളം പേരെ ചോദ്യം ചെയ്തു. അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. പക്ഷേ, പ്രതികളെ കുറിച്ച് വിവരം ലഭിച്ചില്ല. കേസന്വേഷണം കാര്യക്ഷമമല്ലെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്. സംയുക്ത സമര സമിതിയുടെ ആവശ്യം പരിഗണിച്ച മുഖ്യമന്ത്രി കേസന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറാൻ നിർദ്ദേശിക്കുകയായിരുന്നു.