പാലക്കാട്: സഹഅധ്യാപികയോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ ഒറ്റപ്പാലം ചുനങ്ങാട് എസ്.ഡി.വി.എം. എൽ.പി സ്‌കൂൾ പ്രധാനാധ്യാപകൻ പി. ഉദുമാൻകുട്ടിക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.എ ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു. ഈ പ്രധാനാധ്യാപകനെതിരെ ഏറെ നാളായി ഇതേ വിദ്യാലയത്തിലെ അധ്യാപകർ പരാതി ഉയർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം, ഉച്ചയ്ക്കുശേഷം അവധി വേണമെന്നാവശ്യപ്പെട്ട അധ്യാപികയെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ അസഭ്യം പറയുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു.
പ്രധാനാധ്യാപകന്റെ ഈ നടപടിയിൽ കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഇയാളുടെ പെരുമാറ്റം സംബന്ധിച്ച് നേരത്തേ തന്നെ നിരവധി പരാതികൾ കൊടുത്തെങ്കിലും പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് അസഭ്യവർഷം റെക്കോർഡ് ചെയ്തത്. സംഭവം അറിഞ്ഞ് എത്തിയ സ്‌കൂൾ മാനേജർകൂടിയായ അധ്യാപികയുടെ ഭർത്താവിനെ പ്രധാനാധ്യാപകന്റെ സഹായിയായ ഒരു അധ്യാപകൻ മർദിച്ചതായും പരാതിയുണ്ട്.
വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും പ്രധാനാധ്യാപകൻ മോശമായി പെരുമാറിയതായും പൊതുവിദ്യാലയത്തെ നശിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ കഴിഞ്ഞ വർഷം ഒന്നാംക്ലാസിലേക്കും പ്രീപ്രൈമറിയിലേക്കുമുള്ള പുതിയ പ്രവേശനം തടസപ്പെടുത്തിയതായും ആക്ഷേപമുണ്ട്. തുടർന്ന് ഡി.ഡി.ഇയുടെ നിർദേശ പ്രകാരമാണ് പ്രവേശനം നടത്തിയത്. ഈ സാഹചര്യത്തിൽ പ്രധാനാധ്യാപകനെതിരെ ബന്ധപ്പെട്ടവർ കർശന നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ടി.എ ജില്ലാക്കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.