പാലക്കാട്: ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിന് മുന്നോടിയായി ഒരാഴ്ചനീണ്ടുനിന്ന സംഗീതോത്സവം ഇന്നലെ സമാപിച്ചു.
ഒന്നാം തേര് ദിവസമായ ഇന്ന് രാവിലെ കൽപ്പാത്തി ഗ്രാമങ്ങളിലെ വിവിധ ക്ഷേത്രങ്ങളിൽ പൂജകളും ചടങ്ങുകളും നടക്കും. കൽപ്പാത്തി രഥോത്സവത്തിന്റെ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ കല്യാണോത്സവത്തോടെയാണ് രഥോത്സവത്തിന് തുടക്കമാവുക. വിശാലാക്ഷിസമേത വിശ്വനാഥസ്വാമിയെയും ഉപദൈവങ്ങളായ സുബ്രഹ്മണ്യനെയും ഗണപതിയെയും തേരിലേറ്റുന്നതോടെ രഥപ്രയാണത്തിനും തുടക്കമാവും.

കുണ്ടമ്പലത്തിലെ മൂന്ന് രഥങ്ങളും പ്രയാണം ആരംഭിച്ച് പുതിയ കൽപ്പാത്തി മന്തക്കര ഗണപതിക്ഷേത്രംവരെ പോയി തിരികെ വൈകിട്ട് അച്ചൻപടിയിൽ അവസാനിക്കും. രണ്ടാംദിനത്തിൽ അച്ചൻപടിയിൽനിന്ന് ആരംഭിച്ച് ചാത്തപുരം വഴി പഴയകൽപ്പാത്തിയിൽ പ്രയാണം അവസാനിപ്പിക്കും. മൂന്നാംദിവസം പഴയകൽപ്പാത്തിയിൽനിന്ന് ആരംഭിച്ച് വൈകിട്ട് ആറോടെ കൽപ്പാത്തി തേരുമുട്ടിയിലെത്തും. രണ്ടാംദിനത്തിലാണ് പുതിയ കൽപ്പാത്തി മന്തക്കരയിലെ രഥാരോഹണം നടക്കുക. മൂന്നാംദിനം വൈകിട്ട് തേര്മുട്ടിയിൽച്ചെന്ന് തിരികെ പോകും. അവസാനദിനത്തിൽ തേര്മുട്ടിയിൽ വൈകിട്ട് ആറോടെ രഥങ്ങൾ സംഗമിക്കും.
17ന് രാവിലെ എഴുന്നള്ളത്തിനുശേഷം പത്തുമണിയോടെ കൽപ്പാത്തി രഥോത്സവത്തിന് കൊടിയിറങ്ങും.
ഇത്തവണ ആചാരത്തിന്റെ ഭാഗമായി രഥത്തിനൊപ്പം ആനയുണ്ടാവുമെങ്കിലും ജെസിബിയാണ് കുണ്ടമ്പലത്തിലെ ഉരുക്കുചക്രങ്ങൾ തള്ളിനീക്കുക. കൂടുതൽ തിരിവുകളും വളവുകളുമുള്ളതാണ് കൽപ്പാത്തി ഗ്രാമത്തിലെ വഴികൾ. ക്ഷേത്രങ്ങളിലെ പ്രസാദത്തിനും കുടിവെള്ളത്തിനുമെല്ലാം പേപ്പർഗ്ലാസുകളും ഇലകളുമാണ് ഉപയോഗിക്കുക. കടകളിൽ തുണിസഞ്ചികൾ കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു.