അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്നിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം. അഞ്ചേമുക്കാൽ പവൻ സ്വർണം കവർന്നു. കൂമഞ്ചീരി അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ രാത്രി ഏഴിനും 9 നും ഇടക്കാണ് കവർച്ച നടന്നിരിക്കുന്നതെന്നാണ് കരുതുന്നത്. ഈ സമയം വീട്ടുകാർ ബന്ധുവീട്ടിലായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പുറക് വശത്തെ വാതിൽ കമ്പി ഉപയോഗിച്ച് തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. രണ്ട് മുറികളിലുള്ള അലമാരകൾ കുത്തിതുറന്ന് വസ്ത്രങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാവിലെ നാട്ടുകൽ എസ്.ഐ പി.ശിവശങ്കരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഷൊർണൂരിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒരു ഇടവേളയ്ക്ക് ശേഷമാണ് മുണ്ടക്കുന്നിൽ വീണ്ടും മോഷണം അരങ്ങേറുന്നത്.