attappadi

അഗളി: അട്ടപ്പാടി സർക്കാർ ഗോട്ട്ഫാമിലെ ഹെലിപ്പാടിൽ ജില്ലാപഞ്ചായത്ത് മൂന്നുകോടി രൂപ മുതൽമുടക്കി നിർമ്മിക്കുന്ന സൗരോർജ്ജ പദ്ധതി തുടക്കത്തിൽ തന്നെ വിവാദത്തിൽ. അട്ടപ്പാടിയിലെ ഏക ഹെലിപ്പാട് പദ്ധതിക്കായി തിരഞ്ഞെടുത്തതിനെ ചൊല്ലിയാണ് ഇപ്പോഴുയർന്നിരിക്കുന്ന വിവാദം. കോട്ടത്തറ ഗവ. കേളേജിലെ വിദ്യാർത്ഥി സംഘടനകളും, ആദിവാസി ആക്ഷൻ കൗൺസിലുമാണ് പദ്ധതിക്കെതിരെ രംഗത്തുള്ളത്.

അട്ടപ്പാടിയിലെ ഗവ. കോളേജ് വിദ്യാർത്ഥിഖൾ കായിക പരിശീലനങ്ങൾക്കായി ഉപയോഗിക്കുന്നത് ഈ ഗ്രൗണ്ടിലാണ്. അടിയന്തരഘട്ടങ്ങളിൽ അട്ടപ്പാടിയിലേക്ക് ഹെലിക്കോപ്ടറിൽ വന്നിറങ്ങനുള്ള ഏക മാർഗവും പദ്ധതി വരുന്നതോടെ പ്രതിസന്ധിയിലാകും. കിഴക്കൻ അട്ടപ്പാടിയിൽ നിരവധി ഹെക്ടർ തരിശുഭൂമി ഉണ്ടെന്നിരിക്കെ ഈ സ്ഥലം തിരഞ്ഞെടുത്തതിനെതിരെയാണ് വലിയ പ്രതിഷേധമാണ് ഉയരുന്നത്.

മഴയും ഉരുൾപൊട്ടലുമുണ്ടാകുമ്പോൾ ഒറ്റപ്പെടുന്ന അട്ടപ്പാടിയിലേക്ക് രക്ഷാപ്രവർത്തനത്തിനും മറ്റുമായി വ്യോമമാർഗം സൗരോർജ്ജ പദ്ധതി വരുന്നതോടെ ഇല്ലാതാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. 1985ൽ രാജീവ് ഗാന്ധിയും 2001ൽ ഡോ. എ.പി.ജെ അബ്ദുൾകലാമും അട്ടപ്പാടി സന്ദർശനത്തിന് വ്യോമമാർഗം വന്നിറങ്ങിയത് ഈ ഹെലിപ്പാടിലായിരുന്നു. അട്ടപ്പാടിയുടെ ചരിത്രത്തിൽ പൈതൃകസ്ഥാനം നേടിയിട്ടുള്ള ഇടം ഇവരുടെ സ്മരണക്കായി നിലനിർത്തണമെന്നാണ് അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെടുന്നത്. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും നേതൃത്വം നൽകുമെന്നും അട്ടപ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷിബു സിറിയക്ക് പറഞ്ഞു.