പാലക്കാട്: സംസ്ഥാനത്തെ റോഡുകളിൽ അപകടത്തിൽപ്പെടുതിൽ 55 ശതമാനവും ബൈക്കുകളാണെന്ന് എം.വി.ഐ എം.കെ.പ്രമോദ് ശങ്കർ. കേരള കൗമുദിയും മോട്ടോർ വാഹന വകുപ്പും സംയുക്തമായി ഗവ. മോയൻസ് മോഡൽ ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവത്കരണ സെമിനാറിൽ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.

ഹെൽമറ്റ് ധരിക്കാൻ ഇന്ന് യുവാക്കൾക്ക് മടിയാണ്. പൊലീസിനെ കാണുമ്പോൾ മാത്രം വയ്ക്കാനുള്ള വസ്തുവായി മാറിയിരിക്കുകയാണ് ഹെൽമറ്റ്. ഹെൽമറ്റ് ശരിയായ രീതിയിൽ ധരിച്ചാൽ അപകടത്തിൽപ്പെട്ടാലും മരണമൊഴിവാക്കാൻ കഴിയും. പക്ഷേ ജനങ്ങൾക്ക് എത്ര ബോധവത്കണം നൽകിയാലും നിയമങ്ങൾ പാലിക്കാൻ അവർ ശ്രമിക്കാറില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മൂന്ന് വർഷമാണ് ഒരു ഹെൽമറ്റിന്റെ കാലാവധി. എന്നാൽ ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. വാഹനം ഒടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, അമിത വേഗത, അശ്രദ്ധ എന്നിവയാണ് മിക്ക അപകടങ്ങൾക്കും കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യുവതലറയ്ക്കിടയിൽ റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ക്ലാസ് നയിച്ച പാലക്കാട് ജോയിന്റ് ആർ.ടി.ഒ കെ.കെ.രാജീവ് അഭിപ്രായപ്പെട്ടു. ക്ലാസിൽ നൂറോളം വിദ്യാർത്ഥിനികൾ പങ്കെടുത്തു.