അലനല്ലൂർ: നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലെ ഒാട്ടോറിക്ഷകളുടെ പാർക്കിംഗ് മൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ് വ്യാപാരികൾ. വാഹനങ്ങൾ കടയിലേക്കുള്ള ജനങ്ങളുടെ കാഴ്ച മറയ്ക്കുന്നതായാണ് കടയുടമകളുടെ പരാതി. നഗരത്തിൽ ആവശ്യത്തിന് ഒാട്ടോ സ്റ്റാന്റുകൾ ഉണ്ടെങ്കിലും ആളുകളുടെയും ഡ്രൈവർമാരുടെയും സൗകര്യത്തിനായാണ് കടകൾക്ക് മുന്നിൽതന്നെ പാർക്ക് ചെയ്യുന്നത്.

ചന്തപ്പടി, പഞ്ചായത്തിന് മുൻവശം, അയ്യപ്പൻകാവ്, കിഴക്കേത്തല എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലേക്ക് ഒരാൾക്ക് പോകാൻ മാത്രമുള്ള വഴിവിട്ടാണ് ഒാട്ടോഡ്രൈവർമാർ വാഹനം പാർക്ക് ചെയ്യുന്നത്. കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയിറങ്ങുന്ന ആളുകൾക്ക് വാഹന വാർക്കിംഗ് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. കടയുടമകൾ നിരവധി തവണ ഒാട്ടോഡ്രൈവർമാരോട് സംസാരിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിലവിൽ പുതിയ ഒാട്ടോ സ്റ്റാന്റ് നിർമ്മിക്കാൻ നഗരത്തിൽ സ്ഥലമില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

 സ്ഥലപരിമിതിയും റോഡ് വീതികുറവുമാണ് പ്രശ്നം

പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തിയവരിൽ പലരും ഇപ്പോൾ ഓട്ടോറിക്ഷ ഓടിക്കുന്നവരാണ്. ഒാരോ വർഷം കഴിയുന്തോറും നഗരത്തിലെ ഒാട്ടോകളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. പക്ഷേ, അതിനനുസരിച്ച് റോഡിന്റെ വീതി കൂടുന്നില്ല.

റോഡിന്റെ വീതികുറവും നഗരത്തിലെ സ്ഥലപരിമിധിയുമാണ് വാഹന പാർക്കിംഗിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വ്യാപാരികളുടെ കച്ചവടത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒാട്ടോകളുടെ പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കും. ഒാട്ടോ സ്റ്റാന്റുകൾ പുനക്രമീകരണം നടത്താനും ആലോചിക്കുന്നുണ്ടെന്ന്. അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി പറഞ്ഞു.