കൊല്ലങ്കോട്: പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ജില്ലാ സമ്മേളനം 23, 24 തിയതികളിലായി ബി.എസ്.എസ് എച്ച്.എസ്.എസിൽവച്ച് നടക്കും. 23ന് പതാക ഉയർത്തലോടെ പരിപാടികൾക്ക് തുടക്കമാകും. നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ. സി.പി.ചിത്രഭാനു അദ്ധ്യക്ഷത വഹിക്കും. തമിഴ്‌നാട് മുർപ്പോക്ക് എഴുത്താളർ കലൈഞ്ജർ സംഘം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കലാപീരൻ മുഖ്യാതിഥിയാകും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി.മോഹനൻ, ശിവൻ നമ്പൂതിരി, ഡോ. എസ്.രാജശേഖരൻ, പി.എൻ.സരസമ്മ, ഡോ. സി.പി.ചിത്രഭാനു എന്നിവർ പങ്കെടുക്കും.


പുരോഗമന കലാസാഹിത്യ സംഘം മുൻ ജനറൽ സെക്രട്ടറിയും എഴുത്തുകാരനുമായ ഇയ്യങ്കോട് ശ്രീധരനെ ആദരിക്കുന്ന പരിപാടിയിൽ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ, മുണ്ടൂർ സേതുമാധവൻ, ടി.ആർ.അജയൻ, എൻ.രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുക്കും.

24ന് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് നടക്കും. കെ.ഡി.പ്രസേനൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.ബാബു എം.എൽ.എ ആദര സമർപ്പണം നടത്തും. സാംസ്‌കാരിക സമ്മേളനം പ്രൊഫ. എം.എം.നാരായണൻ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ യൂണിറ്റുകളെ പ്രതിനിധീകരിച്ച് മേഖലാ സമ്മേളനങ്ങളിൽ തിരഞ്ഞെടുത്ത 300 പ്രതിനിധികൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ പു.ക.സ സംസ്ഥാന ട്രഷറർ ടി.ആർ.അജയൻ, ജില്ലാ സെക്രട്ടറി എ.കെ.ചന്ദ്രൻകുട്ടി എന്നിവർ പങ്കെടുത്തു.