അലനല്ലൂർ: പഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച അലനല്ലൂർ ബസ് സ്റ്റാന്റ് കാടുപിടിച്ച് നശിക്കുന്നു. ഉദ്ഘാടനം കഴിഞ്ഞ് ആറുവർഷം പിന്നിട്ടിട്ടും യാത്രക്കാർക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. സ്റ്റാന്റിനകത്തേക്ക് ബസുകൾ കയറാത്തതിനാൽ മഴയും വെയിലുംകൊണ്ടാണ് വയോധികരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ബസുകാത്തുനിൽക്കുന്നത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് 2013 ജനുവരി 14ന് ബസ് സ്റ്റാന്റ് ഉദ്ഘാടനം ചെയ്തത്. ആദ്യമാസം ബസുകൾ സ്റ്റാന്റിൽ പ്രവേശിച്ചിരുന്നു. പിന്നീട് സമയക്രമം പാലിക്കാൻ കഴിയുന്നില്ലെന്ന് ആരോപിച്ചാണ് സ്റ്റാന്റിൽ കയറുന്നത് ഒഴിവാക്കിയത്. ശേഷം പഞ്ചായത്തും നാട്ടുകാരും ഇടപെട്ടെങ്കിലും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. നിലവിൽ സ്റ്റാന്റ് സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും കേന്ദ്രമാണ്.

യാത്രക്കാർക്കായി നിർമ്മിച്ച ഇരിപ്പിടങ്ങളും ശൗചാലയങ്ങളും പൊട്ടിപൊളിഞ്ഞ സ്ഥിതിയാണ്. സ്റ്റാന്റും പരിസരവും കാടുപിടിച്ച് ഇഴജന്തുക്കളുടെ ആവാസകേന്ദ്രമാണ്. അയ്യപ്പൻകാവിനും കിഴക്കേത്തലയ്ക്കും ഇടയിലാണ് സ്റ്റാന്റ് സ്ഥിതിചെയ്യുന്നത്.

 ബസ് ഉടമകളുമായി ചർച്ച നടത്തും

അയ്യപ്പൻകാവ്, കിഴക്കേത്തല സ്റ്റോപ്പുകളിൽ നിന്ന് യാത്രക്കാരെ കയറ്റുന്നതുമൂലം സ്റ്റാന്റിൽ കയറാനുള്ള സമയം ഇല്ലെന്നാണ് ബസ് ജീവനക്കാരുടെ വാദം. അതിനാൽ ബസ് സ്റ്റോപ്പുകൾ പുനക്രമീകരിക്കാൻ ആലോചനയുണ്ട്. ബസുകൾ സ്റ്റാന്റിൽ കയറ്റുന്നതിനും ആളുകളെ സ്റ്റാന്റിലേക്ക് ആകർഷിപ്പിക്കാനുമായി പഞ്ചായത്ത് രണ്ടുവർഷം മുമ്പ് പൊലീസിന്റെ സഹായത്തോടെ സ്റ്റാന്റിന് മുന്നിൽ 15 ദിവസത്തെ പഞ്ചായത്ത് ഫെസ്റ്റുവരെ സംഘടിപ്പിച്ചിരുന്നു. പക്ഷേ, ഫലംകണ്ടില്ല. ബസുകൾ നിർബന്ധമായി സ്റ്റാന്റിലേക്ക് കയറണമെന്നാണ് പഞ്ചായത്തിന്റെയും ആവശ്യം. ഇതിന്റെ ഭാഗമായി ബസുടമകളുമായുള്ള യോഗം ഉടൻ വിളിക്കും.

ഇ.കെ.രജി, അലനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്