പാലക്കാട്: നാലുവയസിന് മുകളിലുള്ള കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കിയതോടെ കുട്ടി ഹെൽമറ്റുകൾക്ക് വിപണിയിൽ ആവശ്യക്കാരേറി. വിധി വന്നപ്പോൾ ജനങ്ങളുടെ സംശയം കുട്ടികൾക്കും ഹെൽമെറ്ര് ഉണ്ടോ എന്നായിരുന്നു, കടകളിൽ ചെന്നപ്പോൾ അതെല്ലാം മാറി. വിവിധ നിറത്തിൽ, വ്യത്യസ്ത അളവുകളിൽ, വിവിധ ക്വാളിറ്റികളിലുമുള്ള നിരവധി കമ്പനികളുടെ കുട്ടി ഹെൽമെറ്റുകൾ നിരനിരയായുണ്ട്.

കടകളിൽ 650 രൂപ മുതലാണ് കുട്ടി ഹെൽമെറ്റുകളുടെ വില ആരംഭിക്കുന്നത്. 4500 രൂപയുടെ ലൈറ്റ് വെയിറ്റ് ഹെൽമെറ്റുവരെ ഇവിടെ ലഭ്യമാണ്. 900 രൂപയ്ക്ക് താഴെയുള്ള ഹെൽമെറ്റുകളാണ് കൂടുതലും വിറ്റുപോകുന്നതെന്ന് വ്യാപാരികൾ പറയുന്നു. ശരാശരി 400 ഗ്രാം ഭാരമുണ്ടാകും കുട്ടികൾക്കുള്ള ഹെൽമെറ്റിന്. വഴിയോര കച്ചവടക്കാരും സജീവമാണ്. ഇവിടെ 500 രൂപയിൽ താഴെയുള്ള ഹെൽമെറ്റുകളും ലഭ്യമാണ്. ഹൈക്കോടതി വിധി വരുന്നതിന് മുമ്പ് ദിവസവും ഒന്നോ രണ്ടോ കുട്ടി ഹെൽമെറ്റുകളാണ് വിറ്റുപോയിരുന്നതെങ്കിൽ ഇപ്പോൾ, കഴിഞ്ഞ മൂന്ന് ദിവസമായി ദിവസവും ഏഴു മുതൽ 10 വരെ വില്പന നടക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

 വ്യാജനെ എങ്ങനെ തിരിച്ചറിയും

ഡൽഹിയിൽ നിന്നാണ് പാലക്കാട്ടെ ഭൂരിഭാഗം കടകളിലേക്കും ഹെൽമെറ്റുകൾ വരുന്നത്. ഐ.എസ്.ഐ മാർക്ക് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വ്യാജനിറങ്ങുന്നുണ്ടെന്നത് ജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.

 പ്രായോഗിക ബുദ്ധിമുട്ടുകളാണ് പ്രശ്നം

അദ്ധ്യാപകരും ബാങ്ക് ജീവനക്കാരും മറ്റ് ജോലിക്കാരും ഉൾപ്പടെ മക്കളെ രാവിലെ സ്കൂളിലെത്തിച്ചാണ് ഓഫീസിലേക്ക് പോകുന്നത്. ഹെൽമെറ്റ് നിർബന്ധമാക്കിയാൽ കുട്ടികൾ ഇതൊക്കെ എവിടെ സൂക്ഷിക്കും. സാധാരണ തന്നെ തന്നേക്കാൾ ഭാരമുള്ള സ്കൂൾ ബാഗുമായാണ് കുട്ടികൾ സ്കൂളിലേക്ക് പോകുന്നത് ഇതും കൂടിയാകുമ്പോൾ കൂടുതൽ പ്രശ്നമാകും. പ്രായോഗിക ബുദ്ധിമുട്ടുകൾ അധികൃതർ മനസിലാക്കണം.

ജിഷ.എം.കെ, സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരി