പാലക്കാട്: തൊഴിലിടങ്ങളിൽ എല്ലാവർക്കും തുല്യപ്രാധാന്യം നൽകി തൊഴിൽ കേന്ദ്രങ്ങൾ സൗഹൃദപരമാക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. ഒരു വനിത ഡോക്ടർക്കുണ്ടായ മാനസിക പീഡനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കമ്മിഷൻ ഇക്കാര്യം പറഞ്ഞത്.
നിലവിൽ ഐ.സി.സിക്ക് (ഇന്റേണൽ കംപ്ലെയിൻസ് കമ്മിറ്റി) കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടതായും അറിയിച്ചു. വനിതാ കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈന്റ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മെഗാ അദാലത്തിൽ 33 കേസുകൾ തീർപ്പാക്കി. എട്ടു കേസുകൾ പൊലീസ് റിപ്പോർട്ടിനായി നൽകി.
തൃശൂർ മെഡിക്കൽ കോളേജിൽ രോഗിയോട് ആംബുലൻസ് ഡ്രൈവർ 1000 രൂപ നിർബന്ധപൂർവം ചോദിച്ചു വാങ്ങുകയും പാലക്കാട് തത്തമംഗലത്ത് ഇറക്കിവിട്ടതുമായി ബന്ധപ്പെട്ട പരാതിയിൽ കമ്മിഷൻ തൃശ്ശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മങ്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഏഴ് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതായും കമ്മിഷൻ അറിയിച്ചു. കമ്മിഷന് പരാതി നൽകുകയും തുടർന്ന് ഇരുകക്ഷികളും ഹാജരാവാത്ത സാഹചര്യത്തിൽ 46 കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചതായും അറിയിച്ചു.
ഭൂമിസംബന്ധമായ തർക്കം, അതിർത്തി പ്രശ്‌നം, നഷ്ടപരിഹാരം തുടങ്ങിയ കേസുകളിലായി 87 പരാതികളാണ് കമ്മിഷൻ പരിഗണിച്ചത്. വനിതാ കമ്മിഷൻ അംഗം ഷിജി ശിവജി, വനിതാ കമ്മിഷൻ എസ്.ഐ രമ, അഡ്വക്കേറ്റുമാരായ രാധിക, രമിത, ശോഭന, വനിതാ സെല്ലിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.സറീന, കെ.വിമല എന്നിവർ പങ്കെടുത്തു.