കുഴൽമന്ദം: മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി 65ലക്ഷം തട്ടിയ പ്രതി പിടിയിൽ.
കാഞ്ഞിരങ്ങാട് അങ്ങോട്ടിൽ വീട്ടിൽ സുരേഷ് (40) നെയാണ് കുഴൽമന്ദം പൊലീസ് പിടികൂടിയത്. തില്ലങ്കാട് അങ്ങോട്ടിൽ ബാങ്കേഴ്‌സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപന ഉടമയായിരുന്ന സുരേഷ് 2016 മുതൽ തന്റെ സ്ഥാപനത്തിൽ നാട്ടുകാർ പണയം വയ്ക്കുന്ന സ്വർണം കുഴൽമന്ദത്തുള്ള മറ്റൊരു പണമിടപാടുസ്ഥാപനത്തിൽ മറിച്ച് പണയംവച്ച് സ്ഥിരം ഇടപാടുകാരനായി മാറി വിശ്വാസം നേടിയെടുത്തു. യഥാർത്ഥ സ്വർണാഭരണങ്ങൾ പണയം വയ്ക്കുന്നതിനിടക്ക് സ്ഥാപനത്തിലെ മ​റ്റു സ്​റ്റാഫുകളുമായി കൂട്ടുചേർന്ന് മുക്കുപണ്ടങ്ങളും പണയംവച്ച് പണം തട്ടുകയായിരുന്നു. സ്വർണാഭരണങ്ങൾ കൃത്യമായി സമയാസമയങ്ങളിൽ തിരിച്ച് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ 125ഓളം ഇടപാടുകളിൽ പണയംവച്ച് ആഭരണങ്ങൾ തിരിച്ചെടുക്കാതെ വന്നപ്പോൾ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അവ മുക്കുപണ്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. ഇതേ തുടർന്ന് കുഴൽമന്ദത്തെ സ്ഥാപനം പാലക്കാട് ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്ട്രേ​റ്റ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.

കേസിലെ രണ്ടാം പ്രതി കാശുമണി എന്നയാളെ നേരത്തെ പൊലീസ് അറസ്​റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയ സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളിയതിനെ തുടർന്നാണ് പാലക്കാട് ജുഡീഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്ട്രേ​റ്റ് കോടതിയിൽ ഹാജരായത്. റിമാൻഡ് ചെയ്ത പ്രതിയെ പിന്നീട് പൊലീസ് കസ്​റ്റഡിയിൽ വാങ്ങി. കുഴൽമന്ദം എസ്‌.ഐ എ.അനൂപ്, എ.എസ്‌.ഐ സി.കെ.സുരേഷ്, സി.പി.ഒ സന്തോഷ്, ഹോംഗാർഡ് വിനോദ് എന്നിവരാണ് കേസന്വേഷിച്ചത്.