അലനല്ലൂർ: പഞ്ചായത്തിലെ വിവിധയിടങ്ങളിലായി തുടർന്നുകൊണ്ടിരിക്കുന്ന മോഷണ പരമ്പര പ്രത്യേക സംഘം അന്വേഷിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ റഷീദ് ആലായൻ വാർത്തകുറിപ്പിൽ അറിയിച്ചു. കഴിഞ്ഞദിവസം അലനല്ലൂർ പഞ്ചായത്തംഗവും റിട്ട.അധ്യാപികയുമായ പി.എസ്.ദേവകിയുടെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു.

എടത്തനാട്ടുകരയിലും കർക്കിടാംകുന്നിലെ ചിലയിടങ്ങളിലും ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് നടന്ന 20 ഓളം മോഷണങ്ങളിൽ ഒന്നിന്പോലും തുമ്പുകണ്ടെത്താൻ നാട്ടുകൽ പൊലീസ് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. ഈ മോഷണങ്ങൾക്കെല്ലാം സമാനതകൾ ഏറെയാണ്. വാതിൽ തകർക്കുന്ന രീതിയും, വീടിനകത്തെ അലമാരകളിലും മറ്റും തിരച്ചിൽ നടത്തുന്നതുമെല്ലാം ഒരേ പോലെയാണ്. എന്നാൽ, മോഷണംനടന്ന ഇടങ്ങളിൽ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായിട്ടില്ല.

സമീപത്ത് കാലങ്ങളിൽ നടന്ന ഇരുപതോളം മോഷണ കേസുകൾ നാട്ടുകൽ - മേലാറ്റൂർ പൊലീസാണ് അന്വേഷിച്ചത്. പ്രത്യേക സംഘം അന്വേഷക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും റഷീദ് ആലായൻ പറഞ്ഞു.