പാലക്കാട്: കണ്ണൂർ വേദിയായ 63-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിന്റെ പടയോട്ടത്തിലെ മുന്നണിപ്പോരാളികളായ ഒളിമ്പിക് ക്ലബ് പരാധീനതകളിൽ പതറാതെ തങ്കത്തിളക്കത്തോടെ കുതിപ്പ് തുടരുകയാണ്.
സി.ഹരിദാസ് എന്ന മുൻ ഇന്ത്യൻ ഇന്റർനാഷണൽ അത്ലറ്റിന്റെ നേതൃത്വത്തിലുള്ള ഒളിമ്പിക് അക്കാഡമിയിലെ 11 പേരടങ്ങുന്ന സംഘം കണ്ണൂർ യൂണിവേഴ്സിറ്രി സ്റ്രേഡിയത്തിൽ നിന്ന് കൊയ്തെടുത്തത് ആറ് സ്വർണവും രണ്ടുവീതം വെള്ളിയും വെങ്കലവുമാണ്. ബി.ഇ.എം.എച്ച്.എസ്.എസ് പാലക്കാടിനെ ചരിത്രത്തിലാദ്യമായി മികച്ച സ്കൂളുകളിൽ നാലാം സ്ഥാനത്തെത്തിച്ചത് ഹരിദാസിന്റെ കുട്ടിപ്പട്ടാളമാണ്.
ഒളിംപിക് അക്കാഡമിയുടെ കായിക താരങ്ങൾ പരാധീനതകൾക്കിടയിലും തളരാതെ സ്കൂളിനായി നേടിക്കൊടുത്തത് അഞ്ച് സ്വർണം. ആർ.കെ.സൂര്യജിത്ത്, കെ.രോഹിത്ത് എന്നിവർ ഡബിൾ തികച്ചപ്പോൾ ആർ.കെ.വിശ്വജിത്ത് ജൂനിയർ വിഭാഗം 110 മീറ്റർ ഹർഡിൽസിൽ സ്വർണംനേടി പട്ടിക തികച്ചു.
കാണിക്കമാത കോൺവെന്റിലെ ജി.താരയാണ് ക്ലബിന്റെ ആറാം സ്വർണവേട്ടക്കാരി.
ചെറിയ തുടക്കം വലിയ പ്രതീക്ഷ
9 വർഷം മുമ്പ് ചങ്കുറപ്പുമാത്രം കൈമുതലാക്കി കേരളത്തിന്റെ കായിക ഭൂപടത്തിലേക്ക് അതിവേഗം കുതിച്ചുകയറിയ ക്ലബാണ് ഒളിമ്പിക് സ്പോർട്സ് അക്കാഡമി കോട്ടമൈതാനത്ത് ദൈനംദിന വ്യായാമം ചെയ്തായിരുന്നു തുടക്കം. പിന്നീട് ഹരിദാസ് മകൻ അർജുന് ഹർഡിൽസിൽ പ്രത്യേക പരിശീലനം നൽകുകയും ശേഷം ഇതൊരു അക്കാഡമിയായി വളർത്തിയെടുക്കുകയുമായിരുന്നു.
70 താരങ്ങളാണ് നിലവിൽ അക്കാഡമിയിൽ പരിശീലിക്കുന്നത്.
ടോക്കിയോ ഒളിമ്പിക്സിനായി ഒരുങ്ങുന്ന ലോംഗ് ജമ്പിലെ ഇന്ത്യൻ സെൻസേഷൻ ശ്രീശങ്കർ ഈ ക്ലബിന്റെ കണ്ടെത്തലാണ്.
അധികൃതരേ, പരിഗണന വേണം
പാലക്കാട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിലാണ് ക്ലബിലെ താരങ്ങൾ പരിശീലിക്കുന്നത്. സ്വന്തമായൊരു ജിം, പരിശീലന സ്ഥലം, ഹോസ്റ്റൽ എന്നിവയാണ് പരിശീലകരായ സി.ഹരിദാസ്, മകൻ എച്ച്.അർജുൺ, സി.മുരളി എന്നിവരുടെ സ്വപ്നം. സംസ്ഥാന സ്പോർട്സ് കൗൺസിലിന് മുന്നിൽ ഡേ സ്കീമിൽ ഉൾപ്പെടുത്തി സാമ്പത്തിക സഹായത്തിനായുള്ള അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല. ഓരോ വർഷവും മധ്യവേനലവധിയുടെ സമയത്താണ് ട്രയൽസ് നടത്തി താരങ്ങളെ തിരഞ്ഞെടുക്കുന്നത്.
പണമാണ് പ്രശ്നം
സാമ്പത്തികമായി പിന്നാകം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ സ്വന്തം ചെലവിലാണ് സി.ഹരിദാസും സഹ പരിശീലകരും ചേർന്ന് പരിശീലിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ലബ് സ്പോൺസർമാരെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
ഒളിമ്പിക് മെഡലാണ് ഞങ്ങളുടെ ലക്ഷ്യം. സ്കൂൾ മീറ്റുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ഞങ്ങളുടെ സ്വപ്നങ്ങൾ. ഒളിമ്പിക്സ്, ലോക ചാമ്പ്യൻഷിപ്പുകൾക്കായി താരങ്ങളെ വാർത്തെടുക്കുന്ന ഇത്തരം അക്കാഡമികൾക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം അനുവദിക്കാൻ നടപടി സ്വീകരിക്കണം.
സി.ഹരിദാസ്