ചെർപ്പുളശ്ശേരി: കുലുക്കല്ലൂർ ചുണ്ടമ്പറ്റയിൽ വെള്ളിയാഴ്ച രാവിലെ പേപ്പട്ടിയുടെ ആക്രമണത്തിൽ എട്ടു വയസുകാരൻ ഉൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. ചുണ്ടമ്പറ്റ തത്തനംപുള്ളി, കരിയാട്ടിൽകളം, പപ്പടപടി ഭാഗങ്ങളിലായിരുന്നു പേപ്പട്ടി ആക്രമണം നടന്നത്. പ്രദേശവാസികളായ എട്ടു വയസുകാരൻ റിവിൻ, കദീജു (35), മുഹമ്മദാലി (40), ധന്യ (35), വിജയലക്ഷ്മി (60), മിഥുൻലാൽ (22) എന്നിവർക്കാണ് കടിയേറ്റത്.

പരിക്കേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപ്രതികളിൽ പ്രവേശിപ്പിച്ചു. ഇതിൽ ധന്യയുടെ തലയ്ക്കും മറ്റുള്ളവരുടെ കൈക്കും കാലിനുമാണ് കടിയേറ്റത്. ആരുടെയും നില ഗുരതരമല്ല. പ്രദേശത്ത് തെരുവുനായക്കളുടെ ശല്യം രൂക്ഷമാണെന്നും സ്‌കൂളുകളിലും മദ്രസകളിലും പോകുന്ന വിദ്യാർത്ഥികളെ തെരുവു നായ്ക്കൾ ആക്രമിക്കുന്നത് പതിവാണെന്നും നാട്ടുകാർ പറഞ്ഞു. വളർത്തു മൃഗങ്ങളെയും തെരുവുനായ്ക്കൾ ആക്രമിക്കുന്നുണ്ട്. തെരുവുനായ ശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.