ചെർപ്പുളശ്ശേരി: വ്യാപാരി വ്യവസായി ഏകോപന സമിതി ചെർപ്പുളശ്ശേരി യൂണിറ്റ് കമ്മറ്റി പിരിച്ചുവിട്ടെന്ന തരത്തിൽ ഒരുവിഭാഗം നടത്തുന്ന പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് ബാബുകോട്ടയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കള്ളപ്രചരണം നടത്തുന്നവർ പറയുന്ന സംസ്ഥാന പ്രസിഡന്റ് അയച്ച കത്തിന് യാതൊരു നിയമ സാധുതയുമില്ല. സംഘടനാ ഭരണഘടനയനുസരിച്ചുള്ള മാർഗ നിർദ്ദേശങ്ങൾ പാലിക്കാതെ
സംസ്ഥാന പ്രസിഡന്റ് ഏകപക്ഷീയമായെടുത്ത തീരുമാനമാണിത്. ഇതിനെതിരെ കഴിഞ്ഞ മാസം പത്തിന് പാലക്കാട് മുൻസിഫ് കോടതിയിൽ നിന്നും ഉത്തരവ് സമ്പാദിച്ചിട്ടുണ്ട്. ആ ഉത്തരവ് മറികടക്കാതെ മറ്റൊരു കമ്മിറ്റിക്ക് ചുമതലയേൽക്കാൻ നിയമപരമായി കഴിയില്ല. മാത്രമല്ല കഴിഞ്ഞമാസം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും ജില്ലാ കമ്മിറ്റിക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ബാബു കോട്ടയിൽ പറഞ്ഞു.

സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ടി.നസ്രുദ്ധീൻ തന്നെയാണെന്നത് അംഗീകരിക്കുന്നു. എന്നാൽ, അദ്ദേഹത്തിന് ഒറ്റയ്ക്ക് ഒരു തീരുമാനമെടുക്കാൻ സംഘടനാ ചട്ടപ്രകാരം സാധ്യമല്ല. ഇതാണ് കോടതിയിൽ ചോദ്യം ചെയ്തത്. കോടതി തങ്ങളുടെ വാദം അംഗീകരിച്ച സ്ഥിതിക്ക് തന്റെ നേതൃത്യം തന്നെയാണ് ജില്ലാ കമ്മിറ്റിക്കുള്ളത്. മറിച്ച് പ്രചരണം നടത്തുന്നവർക്കെതിരെയും കമ്മിറ്റികൾ രൂപീകരിക്കുന്നവർക്കെതിരെയും സംഘടനയുടെ ചട്ടക്കൂടനുസരിച്ച്
വരും ദിവസങ്ങളിൽ നടപടിയുണ്ടാകും. നിലവിൽ സംഘടനയുടെ ശക്തി ചോർന്നിട്ടില്ല. തർക്കമുണ്ടായ സ്ഥിതിക്ക് കോടതി പറയുന്നവർ തന്നെയാണ് ഔദ്യോഗികമെന്നും
മറ്റു കത്തുകൾക്കും ഉത്തരവുകൾക്കും കടലാസിന്റെ വില മാത്രമേ ഉള്ളുവെന്നും ബാബു കോട്ടയിൽ പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറിയും, ചെർപ്പുളശ്ശേരി യൂണിറ്റ് പ്രസിഡന്റുമായ കെ.എ.ഹമീദ് ,ജില്ലാ ട്രഷറർ കെ .കെ .ഹരിദാസ് ,ജില്ലാ സെക്രട്ടറി കൊച്ചുകുട്ടൻ ,നിഹ് മ അലി, ഷംസുദ്ധീൻ ,കിഴാടയിൽ അലി, കരീ പാടത്ത് രാമചന്ദ്രൻ തുടങ്ങിയർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ബാബു കോട്ടയിലിന്റെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരിയിൽ വെള്ളിയാഴ്ച വൈകീട്ട് യൂണിറ്റ് കമ്മിറ്റിയും ചേർന്നു. 250 ലതികം വ്യാപരികൾ യോഗത്തിൽ പങ്കെടുത്തു. യുണിറ്റ് പ്രസിഡന്റ് കെ.എ.ഹമീദ് അധ്യക്ഷനായി. കെ.ഷംസുദ്ധീൻ, കെ.കെ.ഹരിദാസ്, സുന്ദരൻ, കൊച്ചുകുട്ടൻ, സുലൈമാൻ, ഹാഷിം നെല്ലായ, കരീംപാടത്ത് രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.