പാലക്കാട്: പുതുപ്പരിയാരം പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ രീതികൾ കണ്ടുപഠിക്കാൻ സംസ്ഥാനത്തെ വിവിധ നഗരസഭകളിൽ നിന്നുള്ള സംഘങ്ങളെത്തുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള നഗരസഭകളിലെ ഹരിത കർമ്മസേനകൾക്ക് പരിശീലനം നൽകാൻ തിരഞ്ഞെടുത്തിട്ടുള്ളത് പുതുപ്പരിയാരം പഞ്ചായത്തിനെയാണ്.
പരിശീലനത്തിന്റെ ഭാഗമായി 15 നഗരസഭകളിൽ നിന്നുള്ള 540 ഓളം ഹരിത കർമ്മ സേനാംഗങ്ങൾ ഇതുവരെ പ്ലാന്റ് സന്ദർശിച്ചു. മാലിന്യങ്ങൾ ശേഖരിക്കുന്നതിനുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ, ഹരിതകർമ്മ സേനയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കുകയാണ് സന്ദർശനത്തിന്റെ ലക്ഷ്യം. മുണ്ടൂർ ഐ.ആർ.ടി.സിയുടെ സഹകരണത്തോടെയാണ് പുതുപരിയാരം പഞ്ചായത്തിൽ മാലിന്യസംസ്‌കരണം നടക്കുന്നത്.
ദിവസേന 450 കിലോ ജൈവ മാലിന്യമാണ് പ്ലാന്റിലെത്തുന്നത്. സ്ഥാപനങ്ങൾ, കല്യാണമണ്ഡപങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ ജൈവമാലിന്യം പ്ലാന്റ് ജീവനക്കാരുടെ നേതൃത്വത്തിലും 21 വാർഡുകളിലെ മാലിന്യങ്ങൾ മുപ്പതംഗ ഹരിതകർമ്മസേനയുമാണ് ശേഖരിക്കുന്നത്. ജൈവമാലിന്യം ഇനാക്കുലവും ചകിരിച്ചോറും ചേർത്ത് വളമാക്കി കൃഷിഭവൻ മഖേന 15 രൂപ നിരക്കിൽ കർഷകർക്ക് വിൽക്കും.
വീടുകളിൽ നിന്ന് ശേഖരിക്കുന്ന പുനരുത്പാദിപ്പിക്കാനാവുന്നതും അല്ലാത്തതുമായ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിച്ച് നിലവിൽ സിഡ്‌കോക്ക് വിൽപ്പന നടത്തി വരുന്നുണ്ട്. 12.5 ടൺ പുനരുൽപാദിപ്പിക്കാൻ ആവുന്നതും 2.14 ടൺ അല്ലാത്തതുമായ മാലിന്യമാണ് സിഡ്‌കോക്ക് ഇതുവരെ കയറ്റി അയച്ചു. യൂസർ ഫീ, വളം ഇനത്തിൽ ഒരു മാസം 68000 രൂപ വരുമാനമാണ് പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിന് ലഭിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നതും കത്തിക്കുന്നതും തടയുക, പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുക, ഉറവിട ജൈവമാലിന്യം സംസ്‌കരണം തുടങ്ങിയവയിൽ ബോധവത്കരണം നടത്താൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതഗ്രാമസഭകളും നടക്കുന്നുണ്ട്. മാലിന്യം വലിച്ചെറിയുന്നവർക്കും കത്തിക്കുന്നവർക്കുമെതിരെ കർശന നടപടികളാണ് 'ഭരണസമിതിയടേയും ഗ്രീൻ പ്രോട്ടോകോൾ ഓഫീസറുടെയും നേതൃത്വത്തിൽ സ്വീകരിച്ചു പോരുന്നത്.
ഫോട്ടോ (4): വിവിധ നഗരസഭകളിൽ നിന്നുള്ള ഹരിതകർമ്മ സേനാംഗങ്ങൾ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദർശിക്കുന്നു