പാലക്കാട്: കുടിവെള്ള വിതരണക്കാർ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ 2013 ജനുവരിയിലെ ഉത്തരവു പ്രകാരമുള്ള നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു.

ടാങ്കർ കുടിവെള്ള ഉപഭോക്താക്കൾ ഭക്ഷ്യസുരക്ഷാ ലൈസൻസുള്ള വിതരണക്കാരിൽ നിന്നുമാത്രമേ കുടിവെള്ളം വാങ്ങാൻ പാടുള്ളൂ. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഫ്ലാറ്റുകൾ, ആശുപത്രികൾ, വീടുകൾ, കുടിവെള്ളം ആവശ്യമുള്ള മറ്റ് സംരംഭകർ കുടിവെള്ളം വിതരണക്കാരുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കണം. രജിസ്റ്ററിൽ കുടിവെള്ള സ്രോതസ്, പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പ്, വാങ്ങുന്ന വെള്ളത്തിന്റെ കൃത്യമായ അളവ്, വിതരണക്കാരന്റെ ലൈസൻസ് വിവരങ്ങൾ, വിതരണത്തെ സംബന്ധിച്ച കരാർ പകർപ്പ് എന്നിവയുണ്ടായിരിക്കണം. ഇത്തരം രജിസ്റ്ററുകൾ സൂക്ഷിക്കാത്തപക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

നിബന്ധനകൾ

 കുടിവെള്ളം വിതരണം ചെയ്യുന്നവർ ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ്‌സ് റെഗുലേഷൻ 2011 പ്രകാരം എഫ്.ബി ഒ ലൈസൻസുകൾ എടുത്തിരിക്കണം. ഇത്തരം ലൈസൻസുള്ള ടാങ്കർ ലോറികളിലോ ടാങ്കുകളിലോ മാത്രമേ കുടിവെള്ള വിതരണ നടത്താൻ പാടുള്ളൂ.

 കുടിവെള്ള വിതരണത്തിനായി ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പറുകൾ ലൈസൻസ് എന്നിവ രേഖപ്പെടുത്തി പ്രത്യേക ലൈസൻസുകൾ എടുക്കണം

 ടാങ്കർ ലോറിയിൽ കുടിവെള്ളം എന്നെഴുതിയിരിക്കണം. മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെള്ളമാണെങ്കിൽ നോട്ട് ഫോർ ഡ്രിങ്കിംഗ് പർപ്പസ് എന്നെഴുതണം

 ടാങ്കർലോറി/ ടാങ്കിൽ എഫ്.ബി.ഒ ലൈസൻസ് നമ്പർ രേഖപ്പെടുത്തണം

 കുടിവെള്ളം ശേഖരിക്കുന്ന ടാങ്കുകളുടെ ഉൾവശം ബിറ്റുമിനാസ്റ്റിക് കോട്ടിംഗോ അനുവദനീയ കോട്ടിംഗോ ഉള്ളവയായിരിക്കണം

 വാട്ടർ അതോറിട്ടി ഒഴികെയുള്ള കുടിവെള്ള സ്രോതസുകൾക്ക് എഫ്.ബി.ഒ ലൈസൻസ് ഉണ്ടായിരിക്കണം. ലൈസൻസുള്ള കുടിവെള്ള സ്രോതസിൽ നിന്നുമാത്രമേ വെള്ളം ശേഖരിക്കാൻ പാടുള്ളൂ.

 കുടിവെള്ള സ്രോതസിലെ ജലം ആറുമാസത്തിലൊരിക്കൽ സർക്കാർ ലാബുകളിലോ എൻ.എ.ബി.എൽ ലാബുകളിലോ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പുവരുത്തി സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചിരിക്കണം.

 ടാങ്കർ ലോറി/ടാങ്കുകളിൽ ഫുഡ് സേ്ര്രഫി ആൻഡ് സ്റ്റാൻഡേർഡ്‌സ് ലൈസൻസ്, കുടിവെള്ളം പരിശോധിച്ച് ലാബ് റിപ്പോർട്ട്, ടാങ്കർ ശേഷി, കോട്ടിങ് എന്നിവയുടെ രേഖകൾ ഉണ്ടായിരിക്കണം