പാലക്കാട്: കാറ്റുകാലം ആരംഭിച്ചതിനെ തുടർന്ന് കന്നുകാലികൾക്ക് കുളമ്പുരോഗം ഉൾപ്പെടയുള്ളവ പടരാൻ സാദ്ധ്യതയുള്ളതിനാൽ മുൻകരുതൽ നടപടികളുമായി ജില്ലാ മൃഗസംരക്ഷണ വകുപ്പ്. കുളമ്പ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ഇതുവരെ 73 ശതമാനം കന്നുകാലികൾക്കും കുത്തിവെയ്പ്പ് നൽകിയതായി അധികൃതർ അറിയിച്ചു.
പിക്കോർണാ ഇനത്തിൽപ്പെട്ട വൈറസാണ് രോഗം പടർത്തുന്നത്. കാറ്റിന്റെ ശക്തിക്കനുസരിച്ച് വൈറസ് വളരെദൂരം സഞ്ചിക്കുന്നതിനാൽ രോഗം അതിവേഗംപടർന്നുപിടിക്കാനുള്ള സാദ്ധ്യതയുണ്ട്. അതിനാൽ കാലികൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് സയമത്തിനുതന്നെ നൽകുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ജില്ലയിൽ ആകെയുള്ള 179233 പശുക്കളിൽ 131610 എണ്ണത്തിനും കുത്തിവെയ്പ്പ് നടത്തി. കഴിഞ്ഞവർഷം രോഗബാധിത കൂടുതലായിരുന്നു. 216 പശുക്കൾക്കും രണ്ട് പോത്തിനുമാണ് രോഗം ബാധിച്ചത്. ഇതിൽ രണ്ട് മൂരിക്കുട്ടികൾ ചത്തുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
കുത്തിവെയ്പ്പ് നൽകിയാലും ജാഗ്രതവേണം
ഈ വർഷം ഇതുവരെ രോഗബാധയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വൈറസ് രോഗമായാതിനാൽ ഫലപ്രദമായ ചികിത്സയില്ല. കഴിഞ്ഞ ആഗസ്റ്റിലാണ് അവസാനം പ്രതിരോധ കുത്തിവയ്പ്പ് നൽകിയത്. പക്ഷേ ഏതുസമയത്തും മാറ്റം സംഭവിക്കാവുന്ന വൈറസ് ആയതിനാൽ കാലികളിൽ ലക്ഷണങ്ങൾ കണ്ടാലുടൻ അടുത്തുള്ള മൃഗാശുപത്രിയെ സമീപിക്കുക.
ഡോ.ജോജു ഡേവിസ്, പി.ആർ.ഒ, ജില്ലാ മൃഗസംരക്ഷണ വകുപ്പ്