പട്ടാമ്പി: താലൂക്കിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടന്ന പരാതി പരിഹാര അദാലത്തിൽ 110 പരാതികൾ ലഭിച്ചു. കൂടുതലും നിയമ തടസ്സങ്ങൾ സൃഷ്ടിക്കുന്ന പരാതികളാണ് അദാലത്തിന് മുന്നിൽ എത്തിയത്. നിലം എന്ന് രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ വീട് വെക്കാനാവശ്യമായ അനുമതി ചോദിച്ചുള്ള പരാതികളാണ് കൂടുതലായും ലഭിച്ചതെന്ന് ജില്ലാ കളക്ടർ ഡി.ബാലമുരളി പറഞ്ഞു. അദാലത്തിൽ പരിഹരിക്കാൻ കഴിയാത്ത പരാതികൾ അതാത് വകുപ്പ് മേധാവികൾ പരിശോധിച്ച് വേണ്ട നടപടികൾ സ്വീകരിക്കാനും കളക്ടർ നിർദ്ദേശം നൽകി. ഇതിനായി എല്ലാ വകുപ്പിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന അദാലത്തിൽ പാലക്കാട് ജില്ലാ കളക്ടർ ഡി.ബാലമുരളി, ഒറ്റപ്പാലം സബ് കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവരാണ് പരാതികൾ പരിശോധിച്ചത്.
ലൈഫ് മിഷൻ പദ്ധതിയിൽ പേര് ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള പരാതികളും സിവിൽ സപ്ലൈസ്, കൃഷി വകുപ്പ്, ഇറിഗേഷൻ പദ്ധതി ഉൾപ്പെടെയുള്ള വിഭാഗങ്ങളിലും പരാതികൾ ലഭിച്ചിട്ടുണ്ട്. വീട് നശിക്കുക, തോട് നശിച്ച് വെള്ളം കയറുക തുടങ്ങി പ്രളയത്തിൽ പൊതുജനങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ട് സംബന്ധിച്ച പരാതികളും, റേഷൻ കടയിൽ നിന്നും ലഭിച്ച അരിയിൽ പുഴുവിനെ കണ്ടെത്തിയ പരാതികളും കളക്ടർക്ക് മുൻപിലെത്തി. 20ഓളം വകുപ്പ് മേധാവികളും അദാലത്തിൽ എത്തിയിരുന്നു. തഹസിദാർ കെ.ആർ.പ്രസന്നകുമാർ, ഡെപ്യൂട്ടി തഹസിൽദാർ സെയ്തുമുഹമ്മദ്, ഭൂരേഖ തഹസിൽദാർ സക്കീർ ഹുസൈൻ തുടങ്ങിയവരും നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.