കൊല്ലങ്കോട്: ബീച്ചിൽ വിൽപ്പനക്കായി കൊണ്ടുപോയ രണ്ടുകിലോ കഞ്ചാവുമായി ബോട്ടിങ് തൊഴിലാളിയും സഹായിയും പിടിയിൽ. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശികളായ പള്ളിനട ദേശത്തു കാട്ടുപറമ്പ് വീട്ടിൽ റിൻഷാദു (22), ഏരിയാട് സ്വദേശി തരുവിടിയിൽ വീട്ടിൽ അൻസിൽ (19) എന്നിവരാണ് പിടിയിലായത്. ഇവരുപയോഗിച്ച ന്യൂ ജനറേഷൻ ബൈക്കും പിടിച്ചെടുത്തു.
പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ഐ.ബി.യും കൊല്ലങ്കോട് എക്സൈസ് റേഞ്ചും ഗോവിന്ദാപുരം ചെക്ക് പോസ്റ്റും സംയുക്തമായാണ് ഗോവിന്ദാപുരത്ത് പരിശോധന നടത്തിയത്.
റിൻഷാദു അഴീക്കോട് മുനമ്പം ബീച്ചിൽ മത്സ്യ തൊഴിലാളി ആണ്. ബീച്ചിലും മറ്റു ഫിഷറീസ് മേഖലയിലും വിൽപ്പനക്കായാണ് കഞ്ചാവ് കൊണ്ടുപോയിരുന്നതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തേനി ഭാഗത്തു നിന്നാണ് കഞ്ചാവ് വാങ്ങി വരുന്നതെന്നും മൊഴി നൽകി.
എക്‌സൈസ് ഇൻസ്‌പെക്ടർമാരായ വി.അനൂപ്, എസ്.ബാലഗോപാലൻ, പ്രിവന്റീവ് ഓഫീസർമാരായ സി.സെന്തിൽകുമാർ, ആർ.റിനോഷ്, യൂനുസ്, എം.എസ്. മിനു, സജിത്ത്, ഷാനവാസ്, ഗോപൻ, ജഗദീശൻ, സി.ഇ.ഒ.രാമായ രമേശ്, രാജേഷ് ചുള്ളിയാർമേട്, ബിജു ലാൽ, വിജേഷ് കുമാർ, ഷിബു, ഡ്രൈവർമാരായ സത്താർ, മുജീബ് റഹ്മാൻ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്‌.