പാലക്കാട്: ഒറ്റപ്പാലം റവന്യൂ ഡിവിഷനു കീഴിലെ ഏഴ് അനധികൃത ക്വാറികൾക്കെതിരെ കേസ്. ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെ കടമ്പഴിപ്പുറം രണ്ട്, അനങ്ങനടി, കലുക്കല്ലൂർ അമ്പലപ്പാറ രണ്ട്, വല്ലപ്പുഴ തുടങ്ങിയ വില്ലേജുകളിലെ കരിങ്കൽ ക്വാറികളിൽ ഒറ്റപ്പാലം സബ്കളക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെ തുടർന്നാണ് നടപടി.

കടമ്പഴിപ്പുറം രണ്ട് വില്ലേജിലെ അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ നിന്ന് അഞ്ച് ടിപ്പർ ലോറികളും വല്ലപ്പുഴയിൽ നിന്ന് രേഖകളില്ലാതെ കരിങ്കൽ കൊണ്ടുവന്ന ഒരു ടിപ്പർ ലോറിയും പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ ഒറ്റപ്പാലം താലൂക്ക് ഓഫീസിലേക്ക് മാറ്റി.

പരിശോധനയിൽ അനധികൃതമായി കണ്ടെത്തിയ ഏഴ് ക്വാറികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കുന്നതിനും നിയമലംഘിച്ച് അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരെയും അനധികൃത പുഴ മണൽകടത്ത്, മണ്ണ് ഖനനം, കരിങ്കൽ ക്വാറികളുടെ പ്രവർത്തികൾ തുടങ്ങിയ പ്രകൃതി ചൂഷണങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുന്നതിന് വില്ലേജ് ഓഫീസർമാർക്ക് കർശന നിർദ്ദേശം നൽകിയതായി സബ്കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.

സബ്കളക്ടർ ഓഫീസിലെ സീനിയർ സൂപ്രണ്ട്, ഒറ്റപ്പാലം ഭൂരേഖ തഹസിൽദാർ, ഒറ്റപ്പാലം താലൂക്ക് റവന്യൂ റിക്കവറി ഡെപ്യൂട്ടി തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡിലെ വില്ലേജ് ഓഫീസർമാരും ജീവനക്കാരും അടങ്ങുന്ന 18 അംഗ സംഘം പരിശോധനയിൽ പങ്കെടുത്തു.

ഒറ്റപ്പാലം റവന്യൂ ഡിവിഷന് കീഴിലെ ക്വാറികളിൽ നിന്നും പിടിച്ചെടുത്ത ടിപ്പർലോറി