വടക്കഞ്ചേരി: സാധാരണ ജനവിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി എ കെ ബാലൻ. വടക്കഞ്ചേരിയിൽ ആരംഭിച്ച കനിവ് 108 ആംബുലൻസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പകർച്ചവ്യാധികളിലൂടെ നമ്മുടെ സംസ്ഥാനത്ത് മരണപ്പെടുന്നവരേക്കാൾ എത്രയോ ഇരട്ടിയാണ് അപകടത്തിലൂടെ മരണപ്പെടുന്നവരുടെ എണ്ണം. പകർച്ചവ്യാധിയിലുടെ ഏകദേശം അഞ്ഞൂറോളം പേർ മരണപ്പെടുമ്പോൾ അപകടത്തിൽ നാലായിരത്തോളം പേരാണ് മരണപ്പെടുന്നത്. നാൽപതിനായിരത്തോളം അപകടങ്ങളാണ് നമ്മുടെ നാട്ടിൽ പ്രതിവർഷം ഉണ്ടാകുന്നതെന്നും എ കെ ബാലൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് സർക്കാർ കനിവ് 108 ആംബുൻസ് ശൃംഖല ആരംഭിക്കുന്നത്. ആരോഗ്യവകുപ്പിൽ നാലായിരത്തി അഞ്ഞൂറോളം പുതിയ തസ്തികൾ അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിതപോൾസൺ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ കുമാരൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി ഗംഗാധരൻ, രമജയൻ, വനജരാധാകൃഷ്ണൻ, വടക്കഞ്ചേരി സി എച്ച് സി സൂപ്രണ്ട് ഡോ.വി ആർ ജയന്ത്, എ ജാഫർ അലി, ബോബൻ ജോർജ്, ജി രമേഷ് എന്നിവർ സംസാരിച്ചു.


വടക്കഞ്ചേരിയിൽ ആരംഭിച്ച കനിവ് 108 ആംബുലൻസ് പദ്ധതി മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യുന്നു.