arrest

പാലക്കാട്: കോടതി ജീവനക്കാരിയുടെ മാല കോടതിയിൽവച്ച് മോഷ്ടിച്ച പ്രതിയെ 18 വർഷങ്ങൾക്കു ശേഷം പിടികൂടി. കൊല്ലം കൊട്ടാരക്കര സ്വദേശി തേക്കടത്തുവീട്ടിൽ ശ്രീകാന്തിനെയാണ് പാലക്കാട് ജില്ലാ പൊലീസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡ് ചെന്നൈയിൽ നിന്നും കഴിഞ്ഞദിവസം രാത്രി പിടികൂടിയത്. മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അന്നുതന്നെ പിടികൂടി റിമാന്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽപോവുകയായിരുന്നു.

ഇതിനിടെ ശ്രീകാന്ത് രണ്ടുതവണ പേരുമാറ്റി മൂന്ന് വിവാഹങ്ങൾ കഴിച്ചതായി പൊലീസ് പറഞ്ഞു. അജിത് ജോസഫ്, അജിത് കുമാർ എന്നിങ്ങനെ പേര് മാറ്റിയാണ് ചെന്നൈയിലെയും എറണാകുളത്തെയും യുവതികളെ വിവാഹം ചെയ്തത്. കൂടാതെ കൊല്ലം, എറണാകുളം, ചെന്നൈ എന്നിവിടങ്ങളിൽ സാമ്പത്തിക തട്ടിപ്പിനും വിസ തട്ടിപ്പിനും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.

ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.എൽ.രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ജില്ലാ എൽ.പി സ്‌ക്വാഡിലെ പൊലീസുകരായ ദീപു, സലാവുദ്ദീൻ, റിയാസ്, രവി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.