പാലക്കാട്: ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ ഒറ്റപ്പാലത്ത് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യത്തിലേക്ക്. പി.ഉണ്ണി എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് സ്റ്റേഷന് ആവശ്യമായ സ്ഥലം നൽകാൻ പ്രദേശവാസികൾ തയ്യാറായി. കയറമ്പാറ - പല്ലാർമംഗലം റോഡിലെ നഗരസഭയുടെ വനിത വ്യവസായ വികസനകേന്ദ്രം പ്രവർത്തിക്കുന്ന സ്ഥലമാണ് ഫയർസ്റ്റേഷന് വേണ്ടി കണ്ടെത്തിയിരുന്നത്. ചർച്ചയിൽ പത്തോളം പ്രദേശവാസികൾ സ്ഥലം വിട്ടുനൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.


ഒറ്റപ്പാലത്ത് ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ ദിവസം പത്തൊമ്പതാം മൈലിലെ ടയർ വ്യാപാര സ്ഥാപനം തീപ്പിടിച്ച് നശിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. കുട്ടികൾ ഉൾപ്പെടെ ജലസ്രോതസുകളിൽ വീണ് മരിക്കുന്ന സംഭവങ്ങൾ പ്രദേശത്ത് തുടർക്കഥയാകുമ്പോഴും ഫയർസ്റ്റേഷനെന്ന ആവശ്യം സർക്കാരിന്റെ ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

വനിത വ്യവസായകേന്ദ്രം പ്രവർത്തിക്കുന്നതുൾപ്പെടെ 40 സെന്റ് സ്ഥലമാണ് നഗരസഭയുടെ കീഴിലുള്ളത്. രണ്ടുകുളങ്ങളും പ്രദേശത്ത് ഉള്ളതിനാൽ വെള്ളത്തിന് ക്ഷാമമുണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പ്രവർത്തനങ്ങളുടെ ഭാഗമായി ഉടൻ സർവേ നടത്തി ഏറ്റെടുക്കണ്ട സ്ഥലം അളന്നുതിട്ടപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. നഗരസഭ അധ്യക്ഷൻ എൻ.എം.നാരായണൻ നമ്പൂതിരി, സ്ഥിരം സമിതി അധ്യക്ഷൻ മനോജ് സ്റ്റീഫൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.