നെന്മാറ: കിഴക്കഞ്ചേരി പഞ്ചായത്തിലെ കരുമനശ്ശേരി ഗ്രാമത്തിലെ പൊതുകുളത്തിന്റെ ശോച്യാവസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത്. കിഴക്കഞ്ചേരി, കുണ്ടുകാട്, മമ്പാട്, നൈനാം കാട്, കരുമനശ്ശേരി തുടങ്ങിയ പ്രദേശത്തെ നൂറുകണക്കിന് ആളുകൾ ഒരുകാലത്ത് കുളിക്കാനും അലക്കാനും കാർഷികാവശ്യത്തിനുമായി ആശ്രയിച്ചിരുന്ന കുളം ഇന്നിപ്പോൾ മാലിന്യമയമാണ്. കാടുപിടിച്ച് കിടക്കുന്ന കുളത്തിന്റെ പരിസരം രാത്രികാലങ്ങളിൽ മദ്യപാനികളുടെ കേന്ദ്രമാണ്.

പഞ്ചായത്തോ മറ്റു ജനപ്രതിനിധികളോ കുളം നവീകരിക്കാനവശ്.മായ നടപടികൾ എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആവശ്യം. വേനൽ കനക്കും മുമ്പേ കുളം വൃത്തിയാക്കി സംരക്ഷിക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. ഈ കുളം സംരക്ഷിക്കപ്പെട്ടാൽ പരിസര പ്രദേശത്തെ കിണറുകളിൽ ഉറവയെത്തുമെന്നും അതുവഴി കുടിവെള്ള ക്ഷാമം ഒരു പരിധിവരെ തടയാമെന്നുമാണ് നാട്ടുകാർ പറയുന്നത്. കൂടാതെ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് അവധിക്കാലത്ത് നീന്തൽ പരിശീലനത്തിനും ഉപകരിക്കും.
യോഗം റോബിൻ പൊൻമല ഉദ്ഘാടനം ചെയ്തു. ഷാനവാസ് ടി.കെ അദ്ധ്യക്ഷത വഹിച്ചു.
വിപിൻ കൃഷ്ണൻ, തൗഫീക്ക് മമ്പാട്, സെബാസ്റ്റ്യൻ, താഹ, മണികണ്ഠൻ വടക്കത്തറ, അരുൺ, റെസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു.