പാലക്കാട്: ചൂട് കൂടിയതോടെ ജില്ലയിൽ ചിക്കൻപോക്‌സ് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണവും വർദ്ധിച്ചു. ഈമാസം ഇന്നലെവരെ മാത്രം 33 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആയുർവേദം വീട്ടുചികിത്സ എന്നിവയുടെ കണക്കുകൾകൂടി പരിശോധിച്ചാൽ രോഗബാധിതർ എണ്ണം ഇതിലും വർദ്ധിക്കുമെന്ന് അധികൃതർ പറഞ്ഞു.

ഒക്ടോബറിൽ ആകെ 39 കേസുകളാണ് റിപ്പോർട്ട് ചെയ്ത്. ചൂടിനൊപ്പം കാറ്റുകൂടി ഉള്ളതിനാൽ രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ചുമയോ, കഫക്കെട്ടോ ഉണ്ടെങ്കിൽ ചിക്കൻ പോക്‌സ് ന്യൂമോണിയയായി മാറാനും സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു.

 ലക്ഷണങ്ങൾ
ദേഹത്ത് ചുമന്ന കുമിളകളായാണ് ആദ്യം പ്രത്യക്ഷപ്പെടുക. വാരിസെല്ലാ സോസ്റ്റർ എന്ന വൈറസാണ് രോഗകാരണം. വായുവിലൂടെ ശരീരത്തിൽ കടക്കുന്ന വൈറസിന്റെ പ്രവർത്തന ഫലമായാണ് കുമിളകൾ പ്രത്യക്ഷപ്പെടുന്നത്. അണുക്കൾ മൂലമുണ്ടാകുന്ന രോഗമായതിനാൽ മറ്റുള്ളവരിലേക്കും പകരാൻ സാധ്യതയുണ്ട്. പനിക്കൊപ്പം ഛർദ്ദി, തലവേദന, ശരീരവേദന, തലകറക്കം, ക്ഷീണം, ശരീരത്തിൽ അസഹനീയമായ ചൊറിച്ചിൽ, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

 ശ്രദ്ധിക്കേണ്ടവ
.രോഗം പിടിപെട്ടാലുടൻ ചികിത്സ തേടുക
.ധാരാളം വെള്ളം കുടിക്കുക, മത്സ്യമാംസാദികൾ, എണ്ണ എന്നിവ ഒഴുവാക്കുക
.തണുത്ത ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക
.കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
.രോഗ ലക്ഷണങ്ങൾ കാണുന്ന വ്യക്തിയിൽ നിന്ന് അകലം പാലിക്കുക.

. രോഗി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ മറ്റു വസ്തുക്കൾ എന്നിവ ഉപയോഗിക്കാതിരിക്കുക


-മുൻകരുതൽ വേണം
ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സതേടണം. ഒരുതവണ വന്നാൽ പിന്നീട് വരാനുള്ള സാധ്യത കുറവാണ്. കുട്ടികൾ, പ്രമേഹ രോഗികൾ എന്നിവർക്ക് രോഗം ബാധിച്ചാൽ കൂടുതൽ ശ്രദ്ധിക്കണം. ചൂട് കൂടുന്തോറും രോഗം പിടിപെടാൻ സാധ്യതയേറെയാണ്.

കെ.എ.നാസർ, ഡെപ്യൂട്ടി ഡി.എം.ഒ പാലക്കാട്